തൃശൂർ: ഇടതുഭരണത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന കേരളത്തിന്റെ പുരപ്പുറത്ത് ഉണക്കാനിട്ട പട്ടുകോണകമാണു കേരളീയമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് തൃശൂർ ജില്ലാ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുമാസം മുന്പ് നടത്തിയ ഓണാഘോഷത്തിന്റെ പണം ഇതുവരെ കൊടുത്തുതീർത്തിട്ടില്ല. എന്നിട്ടാണു തിരുവനന്തപുരത്ത് തുലാവർഷത്തിനിടെ കോടികൾ ചെലവാക്കി കേരളീയം നടത്തിയത്. കേരളീയത്തിനു മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ തിരിച്ചുപോയി കേരളത്തെ പുകഴ്ത്തിപ്പറയുമെന്നു തമാശ പറയുകയാണു മുഖ്യമന്ത്രി പിണറായി വിജയൻ.
25 കോടി മുടക്കിയ പ്രവാസിക്കു പഞ്ചായത്തിൽനിന്നു ലൈസൻസ് കിട്ടാൻ റോഡിൽ കിടക്കേണ്ടിവന്നത് കേരളീയം അവസാനിക്കുന്നതിനു തൊട്ടുമുന്പാണ്. അവസാനദിവസം വൃദ്ധകളായ രണ്ടു പേർക്കു മരുന്നിനുവേണ്ടി വഴിവക്കിലിരുന്നു ഭിക്ഷ യാചിക്കേണ്ടിവന്നു. നികുതിവിഭാഗം അഡീഷണൽ കമ്മീഷണർ, ഇന്റലിജൻസ് ചുമതലയുള്ളയാളെക്കൊണ്ടാണു കേരളീയത്തിനായി സ്പോൺസർമാരെ കണ്ടെത്തിയത്. എന്നിട്ടയാൾക്ക് അവാർഡും കൊടുത്തു.
സംസ്ഥാനത്തെ നികുതിപിരിവ് താറുമാറായി. സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ, എഐ കാമറ, കെ ഫോൺ, മാസപ്പടി, അവസാനം മെഡിക്കൽ സർവീസസ് കോർപറേഷൻ എന്നിങ്ങനെ അഴിമതിയുടെ കിരീടത്തിൽ ആറു പൊൻതൂവലുകളാണു മുഖ്യമന്ത്രി പിണറായി വിജയൻ തലയിൽ അണിഞ്ഞിരിക്കുന്നത്.
ട്രഷറി കാലിയായതിനാൽ പണം നല്കുന്നില്ല. കെഎസ്ആർടിസി പെൻഷൻ കൊടുത്തിട്ടു മൂന്നുമാസമായി. ഏഴു കൊല്ലം കൊണ്ട് 40,000 കോടിയുടെ നഷ്ടമാണു കെഎസ്ഇബിക്ക് ഉണ്ടായത്. കുറഞ്ഞവിലയിൽ വാങ്ങിയിരുന്ന വൈദ്യുതി കരാർ റദ്ദാക്കി ഇരട്ടിവിലയിൽ വാങ്ങുകയാണിപ്പോൾ. വൈദ്യുതി ബോർഡ് പൂട്ടലിന്റെ വക്കിലാണ്. സപ്ലൈകോയിൽ ഒന്നുമില്ല.
സപ്ലൈകോ ടെൻഡറിൽ ആരും പങ്കെടുക്കുന്നില്ല. ആറുമാസമായി വിതരണക്കാർക്കു പണം കൊടുത്തിട്ടില്ല. മഹാമാരിയുടെ കാലത്ത് കിറ്റ് കൊടുത്തതിന്റെ പണം കൊടുത്തിട്ടില്ല.നെല്ലു സംഭരിച്ച വകയിൽ ആയിരം കോടി കർഷകർക്കു കൊടുത്തിട്ടില്ല. സർക്കാർ ജീവനക്കാർക്ക് ആറു ഗഡു പെൻഷൻ പരിഷ്കരണകുടിശികയിനത്തിൽ നാല്പതിനായിരം കോടി കൊടുക്കാനുണ്ട്.
പട്ടികജാതിക്കാർക്കു മൂന്നു വർഷമായി ആനുകൂല്യം കൊടുക്കുന്നില്ല. വിദ്യാർഥികൾക്ക് ഉച്ചയൂണിനു പണം കൊടുക്കുന്നില്ല. സാന്പത്തിക ബാധ്യത പ്രധാനാധ്യാപകന്റെ തലയിലായതിനാൽ 500 അധ്യാപകർ സർക്കാരിനോടു പ്രമോഷൻ തരരുതെന്ന് എഴുതിക്കൊടുത്തിരിക്കുകയാണ്.
രാജ്ഭവനിൽ സാധനങ്ങൾ വാങ്ങാൻ പണമില്ലാതെ അതിഥികൾക്കു ഹോട്ടലിൽനിന്നു ഭക്ഷണം വരുത്തിക്കൊടുക്കുന്നു. ഡൽഹിയിലെ കേരള ഹൗസിൽ പാലുവാങ്ങാൻപോലും പണമില്ലാതെ കട്ടൻകാപ്പിയാണു കൊടുക്കുന്നതെന്നും വി.ഡി. സതീശൻ കളിയാക്കി.