തിരുവനന്തപുരം: കേന്ദ്രാനുമതിക്കു പിന്നാലെ കേരളം 3,500 കോടി രൂപകൂടി കടമെടുക്കുന്നു. ഇതിനായുള്ള ലേലം 28ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
12 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 2,000 കോടിയും 31 വർഷത്തെ കാലാവധിയിൽ 1,500 കോടി രൂപയുമാണ് കടമെടുക്കുന്നത്. ഇതോടെ ഈ സാന്പത്തികവർഷം തുടങ്ങി ഒന്നര മാസം പിന്നിടുന്പോൾ കേരളം കടമെടുക്കുന്ന തുക 6,500 കോടിയായി ഉയരും. സാന്പത്തികവർഷത്തിന്റെ ആദ്യമാസമായ ഏപ്രിലിൽ 3,000 കോടി കടമെടുത്തിരുന്നു.
3500 കോടി കടമെടുക്കുന്നതോടെ മേയിലെ ശന്പളവും പെൻഷനും കൊടുക്കാൻ സാധിക്കുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ. കടമെടുപ്പ് വൈകിയതിനാൽ ഒന്നാം തീയതി ശന്പളം കൊടുക്കാൻ സാധിക്കുമോയെന്ന് ധനവകുപ്പിന് ആശങ്കയുണ്ടായിരുന്നു.
കടമെടുത്താണ് സർക്കാർ ജീവനക്കാർക്ക് ശന്പളവും പെൻഷനും നൽകുന്നതെന്ന അവസ്ഥയിലേക്കു കേരളം മാറി. ഒരു മാസത്തെ കുടിശിക ക്ഷേമപെൻഷൻ വിതരണത്തിനായി 900 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
ഈ സാന്പത്തികവർഷം 18,253 കോടി കടമെടുക്കാനാണ് കേന്ദ്രം അനുമതി നൽകിയത്. നേരത്തേ അനുവദിച്ച 3000 കോടികൂടി ആകുന്പോൾ അനുമതി നൽകിയത് 21,253 കോടിയാകും. ഈ സാന്പത്തികവർഷം 37,512 കോടി കടമെടുക്കാൻ കേരളത്തിന് കഴിയുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 16,253 കോടി കുറച്ചുള്ള തുകയാണ് ഇപ്പോൾ കടം എടുക്കാൻ കേന്ദ്രം അനുമതി നൽകിയത്.