സംസ്ഥാനത്തെ എല്ലാ സ്കൂളുകളും മിക്സഡ് ആക്കുകയെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകുന്നുവെന്ന സൂചനയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
അടുത്ത അധ്യായന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കുക അപ്രായോഗികമെന്ന് ശിവന്‍കുട്ടി പറഞ്ഞു.
പതിനെട്ട് സ്കൂളുകള്‍ മിക്സഡ് ആക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവില്‍ 280 ഗേള്‍സ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമുണ്ട്. സ്കൂളുകള്‍ മിക്സഡ് ആക്കണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പിടിഎയുടെയും അനുമതി വേണമെന്നും മന്ത്രി വ്യക്തമാക്കി.
ബാലാവകാശ കമ്മിഷന് ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നുമല്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ എല്ലാ സ്കൂളുകളും മിക്സഡ് ആക്കണമെന്നും ബോയ്സ്- ഗേള്‍സ് സ്കൂളുകള്‍ നിറുത്തലാക്കണമെന്നുമാണ് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ്.
90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് ഇതിനു മറുപടി നല്‍കണമെന്നും കമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്കൂളുകള്‍ നിലനില്‍ക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണ്.
ലിംഗസമത്വവും സാമൂഹ്യവത്കരണവും കുട്ടികള്‍ പഠിക്കേണ്ടത് സ്കൂള്‍ തലം മുതലാണെന്നും കമ്മിഷന് അഭിപ്രായപ്പെട്ടിരുന്നു.
അഞ്ചല്‍ സ്വദേശിയായ ഡോ. ഐസക് പോള്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.