കോട്ടയം: ആലപ്പുഴ ടൗണ്‍ വാട്ടർ വർക്സ് മുതൽ കുത്തിയതോട് വരെയുള്ള സ്ഥലത്താണ് ജില്ലയിലെ ഇടതുമുന്നണി പ്രവർത്തകർ കൈകോർക്കുന്നത്. വലിയ ജനപങ്കാളിത്തത്തിനുള്ള സജ്ജീകരണങ്ങളാണ് സിപിഎമ്മും എൽഡിഎഫും മനുഷ്യമഹാശൃംഖലയ്ക്കായി ഒരുക്കിയിരിക്കുന്നത്.
കെ. സുരേഷ്കുറുപ്പ് എംഎൽഎ, സി.കെ. ആശ എംഎൽഎ എന്നിവർ പ്രവർത്തകർക്കൊപ്പം ചേർത്തലയിൽ കണ്ണിചേരും. മന്ത്രി ജി. സുധാകരൻ, യാക്കോബയ സഭ നിരണം ഭദ്രാസനാധിപൻ ഡോ. വർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ, സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ എന്നിവർ ആലപ്പുഴ ടൗണിലെ വിവിധ കേന്ദ്രങ്ങളിൽ മനുഷ്യമഹാശൃംഖലയിൽ അണിചേരും. ഉച്ചകഴിഞ്ഞു മൂന്നിന് പൊതുസമ്മേളനം നടക്കും.
തലയോലപ്പറന്പിൽ നിന്നുള്ള പ്രവർത്തകർ കെൽട്രോണ്‍ ജംഗ്ഷൻമുതൽ ചന്തിരൂർ മേഴ്സി സ്കൂൾ വരെയും വൈക്കത്തു നിന്നുള്ള പ്രവർത്തകർ എരമല്ലൂർ ജംഗ്ഷൻ മുതൽ ചെമ്മനാട് ക്ഷേത്രം വരെയും കടുത്തുരുത്തിയിൽ നിന്നുള്ളവർ കുത്തിയതോട് ബസ്സ്റ്റോപ്പു മുതൽ പാട്ടുകുളങ്ങര ക്ഷേത്രം വരെയും അണിചേരും.
ഏറ്റുമാനൂരിൽ നിന്നുള്ള പ്രവർത്തകർ പുത്തൻചന്ത കുന്നത്ത് ബാങ്ക് മുതൽ പത്മാക്ഷി കവല വരെയും പാലായിൽ നിന്നുള്ളവർ എക്സ്ട്രാ വ്യൂ കന്പനി മുതൽ 16-ാം മൈൽവരെയും കോട്ടയത്തു നിന്നുള്ളവർ ഇടുക്കി ഷാപ്പ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയും ചങ്ങലയിൽ കൈകോർക്കും.
പൂഞ്ഞാറിൽ നിന്നുള്ള പ്രവർത്തകർ റെയിൽവേ സ്റ്റേഷൻ മുതൽ ഹിൽടോപ്പ് വരെയും അയർക്കുന്നത്തു നിന്നുള്ളവർ കൊക്കോടെഫ്റ്റ് മുതൽ ന്യൂരാജസ്ഥാൻ മാർബിൾസ് വരെയും വാഴൂരിൽ നിന്നുള്ളവർ കൊച്ചുപള്ളി മുതൽ ഇന്ത്യൻ കോഫിഹൗസ് വരെയും അണിചേരും.
പുതുപ്പള്ളിയിൽ നിന്നള്ളവർ ശവക്കോട്ടപാലം മുതൽ കളക്്ട്രേറ്റ് വരെയും കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ളവർ ചങ്ങനാശേരി മുക്ക് മുതൽ കളർകോട് വരെയും ചങ്ങനാശേരിയിൽ നിന്നുള്ളവർ മാതൃഭൂമി മുതൽ വാട്ടർവർക്സ് വരെയും ചങ്ങലയിൽ പങ്കാളികളാകും.