തിരുവനന്തപുരം: സംസ്ഥാനത്ത് 19 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 18 ഇടത്തെ ഫലം വന്നപ്പോൾ എല്‍ഡിഎഫിന് മുൻതൂക്കം.
എൽഡിഎഫ് 9 സീറ്റും യുഡിഎഫ് 8 സീറ്റും ബിജെപി ഒരു സീറ്റും നേടി. ബിജെപിയിൽ നിന്നും യുഡിഎഫിൽ നിന്നും ജനപക്ഷത്തിന് നിന്നുമായി നാലു സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ഡിവിഷനിൽ എൽഡിഎഫ് ജയം ആവർത്തിച്ചപ്പോൾ കോട്ടയം നഗരസഭ ഭരണത്തിൽ നിർണായകമാകുമായിരുന്ന പുത്തൻതോട് വാർഡ് യുഡിഎഫ് നിലനിർത്തി.
കോട്ടയം മുൻസിപ്പാലിറ്റിയിലെ 38ാം വാർഡ് പുത്തൻതോട് യുഡിഎഫ് നിലനിർത്തി. 75 വോട്ടുകൾക്കാണ് യുഡിഎഫിന്റെ സൂസൻ കെ സേവിയർ ജയിച്ചത്. വിജയത്തോടെ കോട്ടയം നഗരസഭയിൽ യുഡിഎഫ് ഭരണം തുടരും.
അതേസമയം, മണിമല പഞ്ചായത്തിലെ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ സുജ ബാബു ജയിച്ചു.പൂഞ്ഞാർ പഞ്ചായത്തിലെ പേരുനിലം വാർഡ് ആണ് ജനപക്ഷത്തിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്. കോഴിക്കോട് പുതുപ്പാട്, എറണാകുളം നെല്ലിക്കുഴി, കൊല്ലം അഞ്ചൽ എന്നിവിടങ്ങളിലാണ് എൽഡിഎഫ് നേട്ടം. മൂന്നു സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്.