മാനന്തവാടി: പത്തു ദിവസമായില്ലേ, ആനയെ എന്തേ പിടിക്കാത്തേ? പയ്യമ്പള്ളി ചാലിഗദ്ദയില്‍ ഈ മാസം പത്തിന് അയല്‍വാസിയുടെ വീട്ടുമുറ്റത്ത് കാട്ടാന ചവിട്ടിക്കൊന്ന കര്ഷകന് പനച്ചിയില്‍ അജീഷിന്റെ മകള്‍ അല്‍ന, വീട്ടിലെത്തിയ മന്ത്രിമാര്‍ക്കു മുന്നില്‍ ഉന്നയിച്ചതാണ് പൊള്ളുന്ന ഈ ചോദ്യം.
പിതാവിന്റെ ജീവനെടുത്ത മോഴയാന ദിവസങ്ങള്‍ കഴിഞ്ഞിട്ടും വനത്തില്‍ വിഹരിക്കുന്നതിന്റെ വേദനയില്‍ അല്‍നയുടെ ഉള്ളില്‍നിന്നു വന്നതായിരുന്നു ചോദ്യം. ചോദ്യത്തിനു മുന്നില്‍ മന്ത്രിമാരും ഒപ്പമുണ്ടായിരുന്നവരും പതറി.
റവന്യു മന്ത്രി കെ. രാജന്, വനം മന്ത്രി എ.കെ. ശശീന്ദ്രന്, തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ് എന്നിവരും സംഘവുമാണ് ഇന്നലെ അജീഷിന്റെ വീട്ടിലെത്തിയത്. പ്രതീക്ഷിച്ചതുപോലുള്ള സ്വീകരണമല്ല അജീഷിന്റെ കുടുംബാംഗങ്ങളില്‍നിന്നും പ്രദേശവാസികളില്‍നിന്നും മന്ത്രിസംഘത്തിനു ലഭിച്ചത്.
വന്യമൃഗ ആക്രമണം തുടര്‍ക്കഥയായിട്ടും മന്ത്രിമാര്‍ വയനാട്ടിൽ എത്താത്തതിലുള്ള രോഷം പ്രദേശവാസികള്‍ മറച്ചുവച്ചില്ല. “കാട്ടിൽ പോയി വോട്ട് ചോദിക്ക് സാറേ…” എന്നും “എന്താടോ, ആനയ്ക്കോ, മനുഷ്യനോ ഇവിടെ വില’’എന്ന ചോദ്യവും പ്രദേശവാസികളില്‍നിന്ന് ഉയർന്നു.
ബേലൂര്‍ മഖ്നയെ ഇനിയും പിടിക്കാത്തതു വീഴ്ചയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. മുമ്പ് റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് ഉത്തരവായതനുസരിച്ച് ആനയെ വെടിവച്ചു കൊന്നത് മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി. അന്നത്തേതുപോലെയല്ല ഇപ്പോഴത്തെ വനനിയമമെന്നും മറ്റും വിശദീകരിച്ച് ഒരുവിധം മുഖം രക്ഷിച്ചാണ് മന്ത്രിമാര്‍ വീട്ടില്‍നിന്നു മടങ്ങിയത്.