ആറ്റിങ്ങൽ: ഇടതു മുന്നണി വിപുലീകരണത്തിനെതിരേ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ രംഗത്ത്. വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതു മുന്നണി.
സ്ത്രീവിരുദ്ധതയും സവർണ മേധാവിത്വവുമുള്ളവർ മുന്നണിയുടെ ഭാഗമാകുന്നത് തെറ്റാണ്. കുടുംബത്തിൽ പിറന്നവരാരും ശബരിമലയ്ക്ക് പോകില്ലെന്ന നിലപാടുള്ളവരെ സ്വീകരിച്ചാൽ മുന്നണിക്ക് ബാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു.
നാല് പാർട്ടികളെ ഉൾപ്പെടുത്തി മുന്നണി വിപുലീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. കേരള കോണ്‍ഗ്രസ്-ബി. ലോക് താന്ത്രിക് ജനതാദൾ, ഐഎൻഎൽ, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാർട്ടികളെയാണ് മുന്നണിയുടെ ഭാഗമാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മുന്നണി വിപുലീകരണത്തിനെതിരേ വി.എസ് തന്നെ വിമർശനം ഉന്നയിച്ചതോടെ ഇടതു മുന്നണി പ്രതിരോധത്തിലായി.