കൊല്ലം: എൽഡിഎഫ് വിപുലീകരണം നടക്കുന്പോൾ തങ്ങളെ മുന്നണിയിലെ ഘടകക്ഷിയാക്കി ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിൽ കേരള കോൺഗ്രസ്-ബി ജില്ലാ നേതൃത്വം. ഇക്കാര്യത്തിൽ പാർട്ടി സംസ്ഥാന നേതാക്കൾക്ക് ഇടതുമുന്നണിയെ നയിക്കുന്ന പ്രബല കക്ഷിയിൽ നിന്ന് വ്യക്തമായ ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും ജില്ലയിലെ നേതാക്കൾ സൂചിപ്പിക്കുന്നു.
ഇതിനു മുന്നോടിയായി കേരള കോൺഗ്രസ്-ബി ജില്ലാ നേതൃത്വ ക്യാന്പ് 29, 30 തീയതികളിൽ പുനലൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 700 പ്രതിനിധികൾ ക്യാന്പിൽ പങ്കെടുക്കും. സംഘടന രൂപീകൃതമായിട്ട് 50 വർഷം പിന്നിടുന്ന സാഹചര്യത്തിൽ പാർട്ടിയുടെ പ്രവർത്തനത്തെ കുറിച്ച് വാർഡ് തലം മുതലുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ അറിയാനും അതനുസരിച്ച് പാർട്ടി പ്രവർത്തനം ചിട്ടപ്പെടുത്തുകയുമാണ് ക്യാന്പിന്റെ ലക്ഷ്യമെന്നാണ് വിശദീകരണം.
എന്നാൽ ആനുകാലിക രാഷ്ട്രീയ പ്രശ്നങ്ങളും പാർട്ടിയുടെ പുതിയ തീരുമാനങ്ങളുടെ വിശദീകരണവും ക്യാന്പിലുണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് എ.ഷാജു പറഞ്ഞു. ഇടതുമുന്നണി പ്രവേശനം എന്ന പ്രധാന അജൻഡ തന്നെയായിരിക്കും ക്യാന്പിൽ കൂടുതൽ ചർച്ചയ്ക്ക് വരിക എന്നത് ഇതിൽ നിന്നുതന്നെ വ്യക്തമാണ്.
ഇടതുമുന്നണിയിലെ പ്രബല കക്ഷികളായ സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന നേതാക്കളും എൽഎൽഎമാരും അടക്കമുള്ളവർ ക്യാന്പിൽ പ്രാസംഗികരായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 29ന് രാവിലെ 9.30മുതൽ വനിതാ സമ്മേളനം നടക്കും. തുടർന്ന് പോഷക സംഘടനകളുമായി ബന്ധപ്പെട്ട ചർച്ചകളും സമ്മേളനവും ഉണ്ടാകും. ഇടതുമുന്നണിയിൽ അംഗത്വം ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ഇതിന്റെ ഭാഗമായി നടക്കും.
30ന് രാവിലെ 9.30ന് നടക്കുന്ന സമ്മേളനം പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. കെ.ബി.ഗണേഷ്കുമാർ എംഎൽഎ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ.ബാലഗോപാൽ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു, കോവൂർ കുഞ്ഞുമോൻ എംഎൽഎ, എൻ.വിജയൻപിള്ള എംഎൽഎ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, വേണുഗോപാലൻ നായർ, കരിക്കത്തിൽ തങ്കപ്പൻപിള്ള, ഏലിയാമ്മ ടീച്ചർ, എൻ.എസ്.വിജയൻ, ജി.ഗോപാസകൃഷ്ണൻ നായർ, ഷാജി ജാജി തുടങ്ങിയവർ പ്രസംഗിക്കും.
ഉച്ചയ്ക്ക് 12ന് കേരള കോൺഗ്രസ്-ബിയുടെ മുതിർന്ന നേതാക്കളെ ആദരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സംഘടനാ ചർച്ച. മൂന്നിന് രാഷ്ട്ര പുരോഗതിയിൽ പൊതുപ്രവർത്തകരുടെ പങ്ക് എന്ന സെമിനാറിൽ തൃശൂർ കിലയിലെ പി.കെ.ദിനേഷ് വിഷയം അവതരിപ്പിക്കും. ബിജു ഷംസുദീൻ, ഹരി കണ്ടച്ചിറ, വല്ലം രതീഷ്, പ്രസാദ്, ശരത്ചന്ദ്രൻ നായർ, രാജൻ പണിക്കർ, ബിന്ദു കടശേരി, ചക്കുവരയ്ക്കൽ രവീഷ്, എസ്.റിയാദ്, അസ്ലം ഷാ, അൽ അമാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
വൈകുന്നേരം നാലിന് സമാപന സമ്മേളനം കെ.ബി.ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്യും. പുനലൂർ നഗരസഭാ ചെയർമാൻ എം.എ.രാജഗോപാൽ, വി.ജെ.വിജയകുമാർ, ലക്ഷ്മിക്കുട്ടി, എൻ.ലളിതമ്മ, ശകുന്തള മരുത്തടി, വാളകം ശ്യാംകുമാർ, അഞ്ചൽ ജോബ്, ലിജോ ജോൺ, വെൺകുളം മണി തുടങ്ങിയവർ പ്രസംഗിക്കും.