കണ്ണൂർ: കണ്ണൂരിൽ നാലിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മിന്നുന്ന വിജയം. എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷൻ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയായ സിപിഎമ്മിലെ കെ. അനിൽ കുമാർ കോൺഗ്രസിലെ പി.കെ. പ്രഭാകരനെ 35 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.
തലശേരി നഗരസഭ
തലശേരി നഗരസഭയിലെ ആറാം വാർഡിൽ (കാവുംഭാഗം) സിപിഎമ്മിലെ കെ.എൻ. അനീഷ് 475 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കെ.എൻ. അനീഷ് 680 വോട്ടുകൾ നേടിയപ്പോൾ ബിജെപിയിലെ ടി.എം. നിഷാന്ത് 205 വോട്ടുകൾ നേടി. ഇവിടെ കോൺഗ്രസാണ് മൂന്നാം സ്ഥാനത്ത്. കോൺഗ്രസിലെ എ.കെ. കുഞ്ഞികൃഷ്ണൻ 88 വോട്ടുകളാണ് നേടിയത്.
കണ്ണപുരം ഗ്രാമപഞ്ചായത്ത്
കണ്ണപുരം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ (കയറ്റീൽ) സിപിഎമ്മിലെ പി.വി. ദാമോദരൻ 265 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പി.വി. ദാമോദരൻ 516 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിലെ രഘുരാമന് 251 വോട്ടുകളേ നേടാൻ സാധിച്ചുള്ളൂ. ബിജെപിയിലെ ബാലകൃഷ്ണന് 37 വോട്ടുകൾ കിട്ടി.
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ എട്ടാംവാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വിജയം. എൽഡിഎഫിലെ കാഞ്ഞാൻ ബാലന് (സിപിഎം) 637 വോട്ട് കിട്ടി. 305 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. യുഡിഎഫ് സ്ഥാനാർഥിയായ ആർ.പി. പ്രകാശന് 332 വോട്ടാണ് കിട്ടിയത്. ബിജെപി സ്ഥാനാർഥി വി.വി. ഭാസ്കരന് 49 വോട്ട് ലഭിച്ചു. മെന്പറായിരുന്ന സിപിഎമ്മിലെ ഞാറ്റുതല രാജന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞതവണ ഇരുന്നൂറിൽ താഴെയായിരുന്നു ഭൂരിപക്ഷം. ഇത്തവണ ഭൂരിപക്ഷം വർധിച്ചു.
കൊളച്ചേരിയിൽ അട്ടിമറി ജയം
കൊളച്ചേരി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് അട്ടിമറി വിജയം. സിപിഎമ്മിലെ കെ. അനിൽകുമാർ 35 വോട്ടിനാണ് വിജയിച്ചത്. സിപിഎം സ്ഥാനാർഥി കെ. അനിൽകുമാർ 2762 വോട്ടുകൾ നേടി. കോൺഗ്രസിലെ പി.കെ. പ്രഭാകരൻ 2727 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി എൻ. കൃഷ്ണൻ 216 വോട്ടുകൾ നേടി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ എൽഡിഎഫിന് മുഴുവൻ വാർഡുകളിലും നല്ല ലീഡ് നിലനിർത്താനായി .
നിലവിൽ യുഡിഎഫിന്റെ കുത്തകയായിരുന്നു കൊളച്ചേരി സീറ്റ്. അതാണ് 35 വോട്ടിന് പിടിച്ചെടുത്തത്. സിപിഎം മയ്യിൽ ഏരിയാകമ്മറ്റി അംഗമാണ് കെ.അനിൽ കുമാർ.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി കെ അനിൽകുമാറിന്റെ വിജയത്തിൽ ആഹ്ലാദിച്ച് പ്രവർത്തകർ കൊളച്ചേരി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. സി പി എം മയിൽ ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ, പി.കുഞ്ഞിരാമൻ,’ പി.ചന്ദ്രൻ തുടങ്ങിയവർ നേതൃതം നൽകി.
കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ നണിയൂർ, കൊളച്ചേരി, പെരുമാച്ചേരി, കോടിപ്പോയിൽ, പള്ളിപറമ്പ്, കായച്ചിറ,ചേലേരി അടങ്ങുന്ന ഏഴ് വാർഡുകൾ ചേർന്നതാണ് എടക്കാട് ബ്ലോക്കിലെ കൊളച്ചേരി ഡിവിഷൻ. നിലവിലെ അംഗം കോൺഗ്രസിലെ സി. ബാലകൃഷ്ണൻ
നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. യുഡിഎഫ് സ്ഥാനാർഥി പി.കെ.പ്രഭാകരനെയും ബിജെപി സ്ഥാനാർഥി എം. കൃഷ്ണനെയും പരാജയപ്പെടുത്തിയാണ് അനിൽകുമാർ അട്ടിമറി ജയം നേടിയത്.