കണ്ണൂർ: യുഡിഎഫിനെയും ബിജെപിയെയും ജനങ്ങൾ കൈയൊഴിഞ്ഞു എന്നതിന്റെ തെളിവാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും ഒരു മുനിസിപ്പൽ വാര്‍ഡിലേക്കും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്ലായിടത്തും യുഡിഎഫിനെയും ബിജെപിയെയും വോട്ടർമാർ തൂത്തെറിഞ്ഞു. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിനുള്ള ജനപിന്തുണയുടെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം.
യുഡിഎഫിന്റെ കുത്തകയായിരുന്ന എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി വാര്‍ഡ് എല്‍ഡിഎഫിലെ കെ. അനില്‍കുമാര്‍ പിടിച്ചെടുത്തത് അഭിമാനാര്‍ഹമാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആര് എസ് എസും ബിജെപിയും കോണ്‍ഗ്രസും കള്ളപ്രചരണം നടത്തി എല്‍ഡിഎഫ് വിരുദ്ധ വികാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനുള്ള തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ.
ജനവിധിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസും ബിജെപിയും അവരുടെ തെറ്റായ നിലപാട് തിരുത്താന്‍ തയാറാകണമെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.