എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി പരിശോധിക്കാൻ സിപിഎം- സിപിഐ സംസ്ഥാന നേതൃത്വങ്ങൾ ഇന്നു യോഗം ചേരും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐ സംസ്ഥാന നിർവാഹക സമിതിയുമാണ് ഇന്നു ചേരുക. സമീപകാല ചരിത്രത്തിൽ ഇത്രയും ഒത്തൊരുമയോടെ മത്സരിച്ചിട്ടും നേരിട്ട കനത്ത തോൽവി എൽഡിഎഫിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്.
മുന്നണിയെ നയിച്ച സിപിഎമ്മിന് നേരിട്ട കനത്ത തോൽവി അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷതല്ല. പതിനാറ് സീറ്റിൽ മത്സരിച്ച സിപിഎമ്മിന് ആലപ്പുഴ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. അത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ മത്സരിച്ച നാലു മണ്ഡലങ്ങളിലും തോറ്റു.
തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുമെന്ന് രണ്ടു പാർട്ടികളും പറയുന്നുണ്ടെങ്കിലും ഇതിന്റെ ആഘാതത്തിൽ നിന്ന് മുക്തരാകാൻ സമയമെടുക്കുമെന്ന് ഉറപ്പാണ്. അഭിമാന പോരാട്ടമായി കണ്ട വടകരയിലെ തോൽവി സിപിഎമ്മിൽ ഉൾപാർട്ടി വിവാദങ്ങൾക്കും തിരികൊളുത്തും. അതു പോലെ കണ്ണൂരിലെ തോൽവിയിലും നേതാക്കളും പ്രവർത്തകരും അസ്വസ്ഥരാണ്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തു പോലും പാർട്ടി രണ്ടാം സ്ഥാനത്തേയ്ക്ക് പോയത് അത്ര ശുഭകരമായല്ല പാർട്ടിയും മുന്നണിയും കാണുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 91 സീറ്റുമായി മുന്നിലെത്തിയ ഇടതു മുന്നണിയ്ക്ക് ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 നിയമസഭാ മണ്ഡലങ്ങളിൽ മാത്രമാണ് മുന്നിലെത്താനായത്. ജയിച്ച ആലപ്പുഴയിൽ ആരിഫിന്റെ സിറ്റിംഗ് സീറ്റായ അരൂരിൽ പോലും പിന്നിലായിപ്പോയി. അഞ്ചു മണ്ഡലങ്ങളിൽ ഷാനിമോൾ ഉസ്മാനാണ് മുന്നിലെത്തിയത്.
യുഡിഎഫ് ആകട്ടെ 121 മണ്ഡലങ്ങളിൽ മുന്നിലെത്തി സർവ മേഖലകളിലും തങ്ങളുടെ കരുത്തു തെളിയിച്ചു. അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിച്ച ബിജെപിയ്ക്ക് നേമം മണ്ഡലത്തിൽ മാത്രമാണ് മുന്നിലെത്താനായത്. സിപിഐയ്ക്കാട്ടെ ഒരിടത്തും മുന്നിലെത്താനായില്ല.
കടുത്ത മത്സരം പ്രതീക്ഷിച്ച തിരുവനന്തപുരം മണ്ഡലത്തിൽ രണ്ടു മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താൻ മാത്രമെ അവർക്ക് കഴിഞ്ഞുള്ളു. ബാക്കിയിടത്തെല്ലാം മൂന്നാം സ്ഥാനത്താണ്. ഒറ്റക്കെട്ടായി മത്സരിച്ചിട്ടും ഇത്രയും വലിയ തോൽവി ഉണ്ടായതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനാണെന്ന വിമർശനം മുന്നണിയിൽ നിന്നും ഉയരുമെന്ന് ഉറപ്പാണ്.
ശബരിമല വിഷയം, ഭരണ വിരുദ്ധ വികാരം, കൊലപാതക രാഷ്ട്രീയം, രാഹുലിന്റെ വ്യക്തിപ്രഭവം തുടങ്ങിയവയാണ് തോൽവിയുടെ പ്രധാന കാരണങ്ങളായി ഉയർന്നു വരുന്നത്. ശബരിമല സ്ത്രീ പ്രവേശനം എൽഡിഎഫിനെ തിരിഞ്ഞുകുത്തിയെന്ന് തന്നെയാണ് ഘടകകക്ഷികളും പറയുന്നത്. എൽഡിഎഫിനൊപ്പം നിന്നിരുന്ന സ്വന്തം അണികളെപ്പോലും ഇക്കാര്യത്തിൽ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞില്ലെന്ന വികാരം മുന്നണി യോഗത്തിൽ ഉയരും.