കൊച്ചി: കോര്‍പറേഷനിലെ ഭരണാധികാരികളുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരേ എല്‍ഡിഎഫ് ആരംഭിച്ച പ്രക്ഷോഭം രണ്ടാംഘട്ടത്തിലേക്കു കടക്കുന്നു.
അതിന്റെ ഭാഗമായി നാളെ മുതല്‍ കോര്പറേഷന് പ്രധാന ഓഫീസിനു മുന്നിലും മറ്റ് ആറു സോണല്‍ ഓഫീസുകള്‍ക്കു മുന്നിലും സമരം സംഘടിപ്പിക്കും.
ഇന്നലെ കലൂര്‍ ലെനിന് സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് നേതൃത്വ യോഗത്തിലാണു പ്രക്ഷോഭം രണ്ടാംഘട്ടത്തില്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.
നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് കോര്പ്പറേഷന് പ്രധാന ഓഫീസിനു മുന്നിലും മറ്റ് ആറ് സോണല്‍ ഓഫീസുകള്‍ക്ക് മുന്നിലും രാവിലെ 11 മുതല്‍ ഉച്ചയ്ക്കു ഒന്നുവരെയാണു സമരം സംഘടിപ്പിക്കുക.
പ്രധാന ഓഫീസിലെ സമരം സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും, വൈറ്റിലയില്‍ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവും, ഇടപ്പള്ളി സോണല്‍ ഓഫീസിനു മുന്നിലെ സമരം ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ്, പള്ളുരുത്തിയില്‍ എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. സുധന്, കൊച്ചിയില്‍ ലോക താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് അഗസ്റ്റിന് കോലഞ്ചേരിയും ഉദ്ഘാടനം ചെയ്യും.
പ്രക്ഷോഭത്തിന്റെ ഭാഗമായി കോര്പ്പറേഷന് ഭരണാധികാരികള്‍ക്കെതിരേ എല്‍ഡിഎഫ് തയാറാക്കിയ കുറ്റപത്രം കോര്പ്പറേഷന് അതിര്‍ത്തിയിലെ മുഴുവന്‍ വീടുകളിലും നല്കി കഴിഞ്ഞു.