തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിലെ പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരം സർക്കാരിന് തലവേദന ആകുന്നു.
പിഎസ്സി റാങ്ക് ഹോൾസേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം 22 ദിവസം പിന്നിടുകയാണ്.
സമരം ചെയ്യുന്നവരും സർക്കാരും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ സമരം ഒത്തുതീർപ്പാകാതെ നീണ്ടു പോകുകയാണ്. സമരത്തിന്റെ സ്വഭാവം മാറിയതോടെ പലഘട്ടങ്ങളിലും സമരം സംഘർഷത്തിലേക്ക് മാറുകയാണ്.
സർക്കാർ പ്രതിസന്ധിയിൽ
സംസ്ഥാനം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഉദ്യോഗാർഥികളുടെ സമരം പ്രതിപക്ഷം ഏറ്റെടുത്തതോടെ കൂടുതൽ തീവ്രമായിരിക്കുകയാണ്.
സമരം ഒത്തു തീർപ്പാക്കണമെന്ന് സിപിഐയും വിദ്യാർഥി സംഘടനയായ എഐഎസ്എഫും ആവശ്യപ്പെട്ടതോടെ സർക്കാർ പ്രതിസന്ധിയിലായി.
പ്രായോഗികമല്ലാത്ത ആവശ്യങ്ങളാണ് ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്നതെന്നാണ് സർക്കാർ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും വരാമെന്ന സാഹചര്യത്തിൽ നാളത്തെ മന്ത്രിസഭായോഗം ഉദ്യോഗാർഥികളുടെ ആവശ്യത്തിൽ എന്തു തീരുമാനമെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ഉദ്യോഗാർഥികൾ.
നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്നതിനാൽ ഉദ്യോഗാർഥികളുടെ സമരം എത്രയും ഒത്തുതീർപ്പാക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് ഘടകകക്ഷികളുടെ നിലപാട്.
സിപിഎമ്മിനുള്ളിലും ഇതേ ആവശ്യം ഉയർന്നുകഴിഞ്ഞു. തുടർഭരണം ലക്ഷ്യമിടുന്ന സർക്കാരിന് വലിയ പ്രതിസന്ധിയാണ് ഈ സമരം സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് സർക്കാർ ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിക്കാൻ സാധ്യതയുണ്ട്.
സെക്രട്ടേറിയേറ്റിന് മുന്നിലെ പിഎസ്സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം 22-ാം ദിവസത്തിലേക്കു കടന്നതോടെ കൂടുതൽ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗാർഥികൾ.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ എംഎൽഎ, വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ എംഎൽഎ എന്നിവരുടെ സത്യഗ്രഹ സമരവും ഇവിടെ തുടരുകയാണ്.
ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി യുവമോർച്ച പ്രവർത്തകർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഉദ്യോഗാർഥികൾ. കഴിഞ്ഞ ഒരാഴ്ച്ചയായി വ്യത്യസ്തമായ സമരമുറകളാണ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്നത്.