കൊച്ചി: തെരഞ്ഞെടുപ്പുകൾ എത്തുന്പോൾ സോളാറിന്റെ പൊടിതട്ടി കുടഞ്ഞു എൽഡിഎഫ് രംഗത്ത് വരുന്ന പ്രവണത തുടരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം നിറംമങ്ങി കിടന്ന സോളാർ കേസ് ഉപതെരഞ്ഞെടുപ്പുകളിലും തുടർന്നു ലോക്സഭ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ വീണ്ടും കത്തിക്കാൻ എൽഡിഎഫ് തിരുമാനിച്ചു.
കർഷക ആത്മഹത്യ, രാഷ്ട്രീയ കൊലപാതകം, ചർച്ച് ബിൽ തുടങ്ങിയ നിരവധി വിഷയങ്ങളിൽ തലകറങ്ങി നിൽക്കുന്ന എൽഡിഎഫ് സർക്കാരിനു സോളാർ വിഷയമാണ് ആകെയുള്ള ആശ്രയം. 2013ൽ നടന്ന സോളാർ കേസ് വിവിധ ഏജൻസികൾ അന്വേഷിച്ചതാണ്. എഡിജിപിമാരായ അനിൽ കാന്തും രാജേഷ് ദിവാനും ഇത് നിലനിൽക്കാത്ത കേസാണെന്നു വ്യക്തമാക്കിയിരുന്നു. കേസുകൾ വീണ്ടും രംഗത്തേക്ക് കൊണ്ടു വരുകയാണെന്ന ആക്ഷേപവും ശക്തമാണ്.
മൂന്നു കോണ്ഗ്രസ് എംഎൽഎമാർക്കെതിരേ ലൈംഗിക പീഡനത്തിനു ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുകയാണ്. എംഎൽഎമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ എന്നിവർക്കെതിരെയാണ് കേസ്. സോളാർ വ്യവസായം തുടങ്ങാൻ സഹായിക്കാമെന്നു പറഞ്ഞു ശാരീരികമായി ഉപദ്രവിച്ചെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്.
ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന എറണാകുളം സ്പെഷൽ കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു.നേരത്തെയുള്ള ആരോപണങ്ങളുടെ തുടർച്ച തന്നെയാണ് കേസ്. 2013ലാണ് സോളാർ കേസ് ഉയരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേസ് വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ അടൂർ പ്രകാശിനെയും എറണാകുളത്തു ഹൈബി ഈഡനെയും ആലത്തൂരിൽ എ.പി. അനിൽകുമാറിനെയും കോണ്ഗ്രസ് സാധ്യത ലിസ്റ്റിൽ പരിഗണിക്കുന്ന അവസരത്തിലാണ് വീണ്ടും ആരോപണം ഉയർത്തി കൊണ്ടുവരുന്നത്.
ഇതേ സമയം സ്ഥാനാർഥികളാകും മുൻപേ സിപിഎം പരാജയ ഭീതിയിലാണെന്നു തെളിയിക്കുന്നതാണ് ഇപ്പോൾ എടുത്തിരിക്കുന്ന എഫ്ഐആർ എന്നു ഹൈബി ഈഡൻ എംഎൽഎ ആരോപിച്ചു. എഡിജിപിമാരായ അനിൽ കാന്തും രാജേഷ് ദിവാനും നില നിൽക്കാത്ത കേസെന്നു പറഞ്ഞു പിൻമാറിയ കേസ് ഇടതു മുന്നണിയുടെ കോട്ടയം പാർലമന്റ് സ്ഥാനാർഥിയുടെ അടുത്ത ബന്ധുവിനെ കൊണ്ടു തിടുക്കത്തിൽ കുത്തിപ്പൊക്കിയതിലെ രാഷ്ട്രീയം കാണാതെ പോകരുതെന്ന് അദ്ദേഹം പറഞ്ഞു.
ഉയർത്തിപ്പിടിക്കാൻ വികസനമോ കരുതലോ ഇല്ലാത്ത ഇടതുപക്ഷ സർക്കാർ കള്ള കേസുകളും തരം താണ തന്ത്രങ്ങളുമായി ഇറങ്ങിയിട്ടുണ്ട്.ഇത് മനസിലാക്കാൻ പാകത്തിനു വിവേകമുള്ള ജനതയാണ് കേരളത്തിലുള്ളതെന്നു മെയ് 23 തെളിയിക്കുമെന്നും ഹൈബി പറഞ്ഞു.