ആലുവ: ഇതാണ് കോമഡി. ലഹരിപാനീയം വില്ക്കുന്നവരെ പിടിക്കാന് അടിച്ചു പൂക്കുറ്റിയായെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ നാട്ടുകാര് പിടികൂടിയാല് പിന്നെ എന്തു പറയണം. അനധികൃതമായി ലഹരി പാനീയം വില്ക്കുന്നുവെന്ന വിവരത്തെത്തുടര്ന്നാണ് അസി. എക്സൈസ് ഇന്സ്പെക്ടര് നന്ദകുമാര് പൂക്കാട്ടുപടിയിലെത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ പൂക്കാട്ടുപടി വയര് റോപ്സ് ജംഗ്ഷനിലെ ഹോട്ടലില് എക്സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സ്പെഷല് സ്ക്വാഡ് പരിശോധനക്കെത്തിയത്. ഹോട്ടലില് വില്ക്കുന്ന മുന്തിരി ജ്യൂസില് ലഹരിയുണ്ടെന്നും ഇതിനെതിരെ കേസെടുക്കുമെന്നും പറഞ്ഞാണ് സ്ക്വാഡ് സിഐ ഉള്പ്പെടെയുള്ള അഞ്ചംഗ എക്സൈസ് സംഘം പരിശോധനക്കെത്തിയത്.
ഇതിനിടയില് പരിശോധനാ സംഘത്തിലെ ഒരാള് മദ്യലഹരിയാണെന്ന വിവരം എങ്ങനെയോ ചോര്ന്നു. ഇത് പിടിവള്ളിയാക്കിയ ഹോട്ടലുടമയ്ക്കൊപ്പം നാട്ടുകാരും കൂടി ചേര്ന്നതോടെ എക്സൈസുകാരുടെ പണി പാളിയെന്നു പറഞ്ഞാല് മതിയല്ലോ. തുടര്ന്ന് നാട്ടുകാര് തന്നെയാണ് എടത്തല പോലീസില് വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയില് എക്സൈസ് ഉദ്യോഗസ്ഥന് മദ്യപിച്ചിരുന്നതായി തെളിയുകയും ചെയ്തു.
സംഭവത്തില് പ്രാഥമിക അന്വേഷണം നടത്തിയ അസി. എക്സൈസ് കമ്മിഷണര് ബെന്നി ഫ്രാന്സിസ് എക്സൈസ് ഉദ്യോഗസ്ഥന് കുറ്റക്കാരനാണെന്ന് കണ്ടെത്തി റിപ്പോര്ട്ട് ഡെപ്യൂട്ടി കമ്മിഷണര് നാരായണന്കുട്ടിക്ക് കൈമാറി. ഇതേത്തുടര്ന്നാണ് നന്ദകുമാറിനെ സസ്പെന്ഡ് ചെയ്യുകയുയും ചെയ്തു. സംഭവം നടന്ന സ്ഥലവും ഹോട്ടലും ചൊവ്വാഴ്ച അസി. കമ്മിഷണറുടെ നേതൃത്വത്തില് സന്ദര്ശിച്ച് പോട്ടലുടമയുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അന്വേഷണ റിപ്പോര്ട്ട് കൈമാറിയത്.