കണ്ണൂർ: തെരഞ്ഞെടുപ്പിനു പിന്നാലെ കണ്ണൂരിലെ പാനൂരില്‍ സംഘർഷത്തിനിടെ വെട്ടേറ്റ മുസ്ലിം ലീഗ് പ്രവര്ത്തകൻ മരിച്ചു. പുല്ലൂക്കര പാറാല്‍ മന്‍സൂർ (22) ആണ് കൊല്ലപ്പെട്ടത്. മുക്കില്‍ പീടികയ്ക്കടുത്ത് വച്ചാണ് വെട്ടേറ്റത്.
ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ലീഗ് ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്ത്തകന് പിടിയിലായിട്ടുണ്ട്.
മന്‍സൂറിന്റെ സഹോദരന് നേരെയും അക്രമം നടന്നിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു.
ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു.
രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ആശുപത്രിയിൽ പ്രവശിപ്പിച്ച മൻസൂറിന്റെ മരണം രാത്രി ഒന്നോടെ സ്ഥിരീകരിച്ചു.