മലപ്പുറം: മൂന്നാം സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ 18നു നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യാൻ മുസ്ലിം ലീഗ്. വലിയ തർക്കങ്ങളില്ലാതെ യുഡിഎഫിൽ ഇക്കാര്യത്തിന് പരിഹാരമുണ്ടാകുമെന്നും മലപ്പുറത്ത് മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം കെ.പി.എ.മജീദ് വ്യക്തമാക്കിയിരുന്നു. ലീഗ് സീറ്റ് ചോദിക്കുന്നതു കൊണ്ട് യുഡിഎഫിൽ പ്രശ്നങ്ങൾക്കു സാധ്യതയില്ല.
വിജയമാണു പ്രധാനമെന്നാണു മുന്നണിക്കകത്തെ പൊതുവികാരം. അതിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും മജീദ് പറഞ്ഞു. മുഴുവൻ എംഎൽഎമാരും എംപിമാരും പങ്കെടുത്ത യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും രാഷ്ട്രീയകാര്യ വിഷയങ്ങളുമാണ് പ്രധാനമായും ചർച്ചയായത്. ഉഭയകക്ഷി ചർച്ചയിൽ മൂന്നാം സീറ്റ് ആവശ്യപ്പെടണമെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നുവന്നത്.
മൂന്നാമതൊരു സീറ്റ് ആവശ്യപ്പെടുമെങ്കിലും മുന്നണിയിൽ സമ്മർദം ചെലുത്താൻ ലീഗ് തയാറായേക്കില്ല. ഏറെ പ്രാധാന്യത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനുള്ള കടുംപിടുത്തം മുന്നണിക്കകത്ത് ലീഗിനെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലും ഈ തീരുമാനത്തിന് പുറകിലുണ്ട്.
രണ്ടും മൂന്നുമല്ല, ദേശീയതലത്തിൽ അതിനെക്കാൾ കൂടുതൽ സീറ്റുകൾ ലീഗ് നേടുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുപിഎ നേടുന്ന സീറ്റുകളിൽ ലീഗിന്റെ പങ്ക് വലുതായിരിക്കും. സ്ഥാനാർഥിനിർണയം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ തന്നെ മികച്ച പ്രകടനം നടത്താൻ പാർട്ടിക്ക് കഴിയും. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ബംഗാളിലും മറ്റു ചില സംസ്ഥാനങ്ങളിലും പാർട്ടി ശക്തമാണെന്നും ബിജെപിയെ താഴെയിറക്കാൻ കോണ്ഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയെ വിജയത്തിലെത്തിക്കാൻ മുസ്ലിം ലീഗ് പോരാടുമെന്നും യോഗതീരുമാനം വിശദീകരിച്ചുകൊണ്ട് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.