കോഴിക്കോട്: താനൂര്‍ ദുരന്തത്തില്‍ രാഷ്ട്രീയ പോര്‍വിളികളുമായി നേതാക്കൾ. താനൂര്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി നടത്തിയ പരാമര്‍ശത്തിന് പ്രകോപനപരമായ മറുപടിയുമായി മന്ത്രി വി. അബ്ദുറഹ്മാനും ഇതിൽ പ്രതികരിച്ച് ലീഗ് നേതാക്കളും രംഗത്തെത്തി.
ലീഗിന് സ്വാധീനമുള്ള ദുരന്തമേഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടന്നുവരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയാണെന്ന് പറഞ്ഞ കെ.എം. ഷാജിയാണ് ആദ്യവെടി പൊട്ടിച്ചത്.
ഈ പരാമര്‍ശത്തിന് നിന്റെ വീട്ടില്‍പോലും ഞങ്ങള്‍ കടന്നുകയറുമെന്നായിരുന്നു മന്ത്രി വി. അബ്ദുറഹ്മാന്റെ മറുപടി. മാറാട് കലാപബാധിത പ്രദേശത്തുപോലും ധീരമായി കടന്നുചെന്ന പാർട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ.
ആ മുഖ്യമന്ത്രിക്ക് താനൂരിൽ കടന്നുവരാൻ ഒരാളുടെയും അനുവാദം വേണ്ട. മുസ് ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വയ്ക്കുന്നയാളാണ് കെ.എം. ഷാജി. മുസ്് ലിം ലീഗിനെ തോൽപ്പിച്ചാണ് താനൂരിൽ രണ്ടുതവണ ജയിച്ചതെന്ന് ഓർക്കണമെന്നും മന്ത്രി പറഞ്ഞു.
അബ്ദുറഹ്മാന് മറുപടിയുമായി പിന്നാലെ കെ.എം. ഷാജിയും എം.കെ. മുനീര്‍ എംഎല്‍എയും രംഗത്തെത്തി. തന്റെ വീട്ടിൽ ആർക്കും വരാം. പക്ഷേ അതിന് മുമ്പ് താനൂർ ബോട്ട് ദുരന്തത്തിൽ 22 ജീവൻ നഷ്ടമായതിന്റെ ചോരക്കറ കളയണം.
സിപിഎം അംഗത്വം കിട്ടിയ ഉടൻ തന്നെ വീട്ടിൽ കയറി തല്ലുമെന്ന് പറയുകയാണ് മന്ത്രിയെന്നും ഷാജി കുറ്റപ്പെടുത്തി.മന്ത്രി സംസാരിക്കുന്നത് ഗുണ്ടാ ഭാഷയിലാണെന്നും അത് വീട്ടിൽ കാണിച്ചാൽ മതിയെന്നുമായിരുന്നു മുനീറിന്റെ പ്രതികരണം.
ഷാജിയുടെ വീട്ടിൽ കയറണം എങ്കിൽ ഞങ്ങളുടെ നെഞ്ചിൽ ചവിട്ടി വേണം കടക്കാനാന്നും മുനീര്‍ പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു.