തളിപ്പറമ്പ്: ബക്കളത്ത് മുസ്ലിം ലീഗ് ഓഫീസിന് ബോംബേറ്. അഞ്ചാംപീടിക റോഡില്‍ പുന്നക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ബോംബേറ് നടന്നത്. ലീഗ് ഓഫീസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും ബോംബാക്രമണത്തില്‍ ഓഫീസിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടമ്പേരിയിലെ ലീഗ് പ്രവര്ത്തകന് കെ.അഷറഫിന്റെ നൂറാ ചിക്കന്‍ സ്റ്റാളിന്റെ മേല്പുര തകര്‍ന്നു വീണു. കടയുടെ ഷട്ടറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
ഇന്ന് രാവിലെ ഏഴോടെ അഷറഫ് കടതുറക്കാനെത്തിയപ്പോഴാണ് അക്രമം നടന്നത് കണ്ടത്. സ്ഥലത്ത് വെടിമരുന്നിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെ ബോംബാക്രമണം എന്ന് വ്യക്തമായതിനെതുടര്‍ന്ന് പോലീസില്‍ അറിയിച്ചു. സിപിഎം ശക്തികേന്ദ്രമായ ബക്കളത്ത് ഒന്നരമാസം മുമ്പാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ലീഗ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.
അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതാവ് സമദ് കടമ്പേരി ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം ചിക്കന്സ്റ്റാളുടമ അഷറഫിന്റെ സഹോദരനും ലീഗ് പ്രവര്‍ത്തകനുമായ ആബിദ് കടമ്പേരി യുപിസ്കൂളിലെ യുഡിഎഫ് ബൂത്ത് ഏജന്റായിരുന്നു. സിപിഎം കേന്ദ്രമായ ഒഴക്രോത്തെ ബൂത്തിലും ഇത്തവണ ലീഗ് പ്രവര്‍ത്തകര്‍ ബൂത്ത് ഏജന്റുമാരായിരുന്നു.
അടുത്തകാലത്ത് നിരവധി ചെറുപ്പക്കാര്‍ ഇവിടെ ലീഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുള്ള പ്രതികാരമായിട്ടാണ് ഓഫീസിന് നേരെ അക്രമം നടന്നതെന്നും ദൂരെനിന്ന് ബോംബെറിഞ്ഞതുകൊണ്ടാണ് ഓഫീസിന് കാര്യമായ കേടുപാടുകള്‍ പറ്റാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി അബ്ദുള്‍കരീം ചേലേരി, തളിപ്പറമ്പ് നിയോജകമണ്ഡലം നേതാക്കളായ പ്രസിഡന്റ് സി.പി.വി.അബ്ദുള്ള, പി.വി.മുഹമ്മദ് ഇഖ്ബാല്‍, നഗരസഭാ ചെയര്മാന് അള്ളാംകുളം മഹമ്മൂദ് എന്നിവര്‍ അക്രമം നടന്ന ലീഗ് ഓഫീസും ചിക്കന്‍സ്റ്റാളും സന്ദര്‍ശിച്ചു.
തളിപ്പറമ്പ് സിഐ എ.അനില്‍കുമാര്‍, സ്പെഷല്‍ബ്രാഞ്ച് എഎസ്ഐ കെ.മൊയ്തീന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും ഉള്‍പ്പെട്ട സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
പയ്യന്നൂർ തെരുവിലെ ഗാന്ധിമന്ദിരം ആക്രമിച്ചു
പയ്യന്നൂർ: പയ്യന്നൂർ തെരുവിലെ കോൺഗ്രസ് ഓഫീസായ ഗാന്ധി മന്ദിരത്തിന് നേരെ അക്രമം. പലവട്ടം അക്രമങ്ങൾക്കിരയായ ഓഫീസിന് നേരെയാണ് വീണ്ടും അക്രമമുണ്ടായത്. ഗാന്ധി മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂന്ന് ബോർഡുകളും നശിപ്പിക്കുകയും ചിലത് അക്രമികൾ കൊണ്ടു പോകുകയുമായിരുന്നു.
കെട്ടിടത്തിന് മുന്നിലെ ചവിട്ടുപടികളിൽ ബിയർ കുപ്പികൾ തല്ലിയുടച്ചതിനാൽ കുപ്പിച്ചില്ലുകൾ ചിതറിക്കിടക്കുകയാണ്. ഗ്രില്ലിനകത്തെ വരാന്തയിലും കുപ്പിച്ചില്ലുകൾ ചിതറി കിടക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് ഇവിടെയെത്തിയ കോൺഗ്രസ് പ്രവർത്തകർ സംഭവമറിഞ്ഞത്.
ഇതിന് മുമ്പ് ഈ കെട്ടിടം കരിഓയിൽ ഒഴിച്ച് വികൃതമാക്കിയിരുന്നു. ജനലുകൾ തകർക്കുന്നത് പതിവായപ്പോഴാണ് അത് തടയുന്നതിനായി മുന്നിൽ ഗ്രിൽസ് സ്ഥാപിച്ചത്.ഇന്നലെ പുലർച്ചെ എടാട്ട് ചെറാട്ടെ കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരം അടിച്ച് തകർത്ത് തീയിട്ട് നശിപ്പിച്ചിരുന്നു.