മുക്കം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സംസ്ഥാനത്ത് നാല് സീറ്റുകളിൽ മത്സരിക്കണമെന്ന കാന്പയിനുമായി അണികൾ സോഷ്യൽ മീഡിയയിൽ. ഇപ്പോഴുള്ള രണ്ടു സീറ്റിനു പുറമേ രണ്ടു സീറ്റുകൾക്ക് കൂടി മുസ്ലിം ലീഗിന് അർഹതയുണ്ടെന്നാണ് അണികളുടെ വികാരം. ഇത് സംബന്ധമായി ഫേസ്ബുക്കിൽ ഒരു പേജ് തന്നെ ആരംഭിച്ചിട്ടുണ്ട്.
യുഡിഎഫ് മുന്നണി സംവിധാനം ലീഗിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന ചിന്ത മാറ്റി സീറ്റുകൾ ചോദിച്ചുവാങ്ങാൻ തയാറാവാത്ത നേതൃത്വത്തിനെതിരെയും അണികളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. മുന്നണിമര്യാദ പാലിക്കാൻ കോൺഗ്രസും തയാറാവണമെന്നാണ് പൊതുവേയുള്ള വികാരം. നിയമസഭയിൽ 22 അംഗങ്ങൾ മാത്രമുള്ള കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിൽ 16 സീറ്റിൽ മത്സരിക്കുമ്പോൾ 18 അംഗങ്ങളുള്ള മുസ്ലിം ലീഗ് വെറും രണ്ടു സീറ്റിൽ മത്സരിക്കുന്നതിന്റെ യുക്തിയെയാണ് അണികൾ ചോദ്യം ചെയ്യുന്നത്.
19 അംഗങ്ങളുള്ള സിപിഐക്ക് ഘടകകക്ഷികൾ കൂടുതലുള്ള എൽഡിഎഫിൽ നാല് സീറ്റുകൾ ലഭിക്കുമ്പോൾ മുന്നണിയുടെ കെട്ടുറപ്പ് തകരുമെന്ന ന്യായമുയർത്തി രണ്ടു സീറ്റിൽ ഇനിയും ഒതുങ്ങി നിൽക്കരുതെന്നാണ് ലീഗ് അണികൾ നേതൃത്വത്തോട് പറയുന്നത്. വയനാട്, തൃശൂര്‍ , മാവേലിക്കര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. എന്നാൽ മൂന്ന് സീറ്റുകളിലെങ്കിലും ഇപ്രാവശ്യം മത്സരിക്കണമെന്ന വികാരം ലീഗിന്റെ നേതൃനിരയിലും ശക്തമായിട്ടുണ്ട്.
മൂന്നാമതൊരു സീറ്റ് ആവശ്യപ്പെടുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ ഇന്നലെ വ്യക്തമാക്കിയിരുന്നു. മലപ്പുറത്തും പൊന്നാനിയിലും സിറ്റിംഗ് എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും തന്നെയാകും മത്സരിക്കുക എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിനാൽ പുതിയൊരാളെ മത്സരിപ്പിക്കണമെങ്കിൽ ലീഗിന് കൂടുതൽ സീറ്റുകൾ ആവശ്യമാണ്.
കേരള കോൺഗ്രസ് (എം) രണ്ടാമതൊരു സീറ്റ് കൂടി ആവശ്യപ്പെടാൻ തീരുമാനിച്ച സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ ചോദിക്കുന്നതിൽ തെറ്റില്ലെന്നാണ് യുവജന നേതാക്കളുടെ നിലപാട്. മൂന്നാമതൊരു സീറ്റ് കൂടി ലഭിക്കുകയാണെങ്കിൽ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, വടകര ലോക്സഭാ സീറ്റുകളിലൊന്നായിരിക്കും ലീഗ് ആവശ്യപ്പെടുക.
നിലവില്‍ സംസ്ഥാനത്തെ ആകെയുള്ള 20 സീറ്റുകളിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് 16 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുസ്ലിം ലീഗും ഓരോ സീറ്റുകളിൽ വീതം കേരള കോണ്‍ഗ്രസ് എം, ആർഎസ്പിയും മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ ധാരണ.
2014 ൽ കോൺഗ്രസ് 15 സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്. എം.പി. വീരേന്ദ്രകുമാർ എൽഡിഎഫിലേക്ക് പോയതിനാൽ ഒരു സീറ്റ് കൂടി കോൺഗ്രസിന് അധികം ലഭിക്കും. എന്നാൽ ലീഗിന്റെ ആവശ്യത്തോട് മുന്നണിയെ നയിക്കുന്ന കോൺഗ്രസ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഇത്തവണ മൂന്നാമതൊരു ലോക്സഭാ സീറ്റ് കൂടി മുസ്ലിംലീഗ് നേടിയെടുത്തില്ലെങ്കിൽ അത് അണികളിൽ വലിയ പ്രതിഷേധത്തിന് വഴിവച്ചേക്കും. മൃദുസമീപനം ഒഴിവാക്കി മുന്നണിയിൽ ശക്തമായ സമ്മർദം ചെലുത്തിയാൽ മാത്രമേ മൂന്നാമതൊരു സീറ്റെന്ന ലീഗിന്റെ ആവശ്യം പരിഗണിക്കപ്പെടുകയുള്ളൂ എന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.