നിയാസ് മുസ്തഫ
കോട്ടയം: നിലവിലുള്ള രണ്ട് ലോക്സഭാ സീറ്റുകൾക്ക് പുറമേ മൂന്നാമതൊരു സീറ്റ് കൂടി യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടണമെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തോട് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റിൽ മത്സരിക്കുന്ന പതിവ് ഇത്തവണ തിരുത്തണം. മൂന്നാമതൊരു സീറ്റിനു കൂടി ന്യായമായും ലീഗിന് ആവശ്യപ്പെടാം. മറ്റു ഘടകകക്ഷികൾ സമ്മർദത്തിലൂടെ പലതും നേടിയെടുക്കുന്നു.
യുഡിഎഫിന്റെ കെട്ടുറപ്പിനു വേണ്ടി എന്നും ശക്തമായി നിലകൊണ്ട പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. മൂന്നു സീറ്റെന്ന നിലപാടിൽ നിന്ന് പിന്നോട്ടുപോകരുത്-യൂത്ത് ലീഗ് നേതൃത്വം മുസ്ലിംലീഗ് നേതൃത്വത്തോട് ആവശ്യപ്പെടുന്നു. യൂത്ത് ലീഗിന്റെ ഈ അഭിപ്രായത്തോട് ഒട്ടുമിക്ക നേതാക്കൾക്കും പ്രവർത്തകർക്കും യോജിപ്പാണ്. എന്നാൽ സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ യുഡിഎഫിൽ ഒരു പ്രതിസന്ധി സൃഷ്ടിക്കാതെ നോക്കണമെന്നും അഭിപ്രായമുയരുന്നുണ്ട്.
കേരള കോൺഗ്രസ്-എം രണ്ടു സീറ്റുകൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ലീഗ് മൂന്നു സീറ്റെന്ന ആവശ്യവുമായി വന്നിരിക്കുന്നത്. നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകൾക്കു പുറമേ വയനാട് സീറ്റ് ലഭിക്കണമെന്നാണ് പ്രധാന ആവശ്യം. വയനാട് സീറ്റ് ലഭിച്ചില്ലെങ്കിൽ പാലക്കാട്, കാസർഗോഡ് സീറ്റുകളിലൊന്ന് ചോദിക്കണമെന്നും ആവശ്യമുണ്ട്. കാസർഗോഡ് കോൺഗ്രസിനേക്കാൾ സംഘടന അടിത്തറയുള്ളത് ലീഗിനാണ്.
നിലവിൽ പാലക്കാടും കാസർഗോഡും ഇടതുപക്ഷ സീറ്റുകളാണ്. പാലക്കാട് നേരത്തെ യുഡിഎഫിനു വേണ്ടി എം.പി വീരേന്ദ്രകുമാർ മത്സരിച്ചു തോറ്റ മണ്ഡലമാണ്. എംപി വീരേന്ദ്രകുമാർ പക്ഷം ഇപ്പോൾ എൽഡിഎഫിലാണ്. കാസർഗോഡ് മണ്ഡലത്തിൽ മത്സരിച്ച ചരിത്രം ലീഗിനുണ്ട്. 2014ൽ കോൺഗ്രസിന്റെ ടി. സിദ്ദീഖ് മത്സരിച്ചു തോറ്റ മണ്ഡലമാണ് കാസർഗോഡ്.
എന്നാൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ വയനാട് കോൺഗ്രസ് വിട്ടുനൽകുമോയെന്ന് കണ്ടറിയാം. അന്തരിച്ച കോൺഗ്രസ് നേതാവ് എംഐ ഷാനവാസ് വിജയിച്ച മണ്ഡലമാണ് വയനാട്. അതേസമയം, പൊന്നാനി, മലപ്പുറം ലോക്സഭാ മണ്ഡലങ്ങളിൽ ലീഗിന്റെ സിറ്റിംഗ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീറും പി.കെ കുഞ്ഞാലിക്കുട്ടിയും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
എത്ര സീറ്റ് കോൺഗ്രസിനോട് ചോദിക്കണം, ആരൊക്കെ മത്സരിക്കണമെന്നൊക്കെയുള്ള കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വം ഉടനെ യോഗം ചേരുമെന്നും യോഗത്തിനുശേഷം പാർട്ടിയുടെ അഭിപ്രായം ഒൗദ്യോഗികമായി അറിയിക്കാമെന്നുമാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് രാഷ്ട്രദീപികയോട് പറഞ്ഞത്.