മലപ്പുറം: എംഎസ്എഫ് നേതാക്കൾക്കെരെ സംസ്ഥാന വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് ഹരിത നേതാക്കളോട് മുസ്്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
ഇന്നു രാവിലെ പത്തുമണിക്കുള്ളിൽ വനിതാ കമ്മീഷനിലെ പരാതി പിൻവലിക്കണമെന്നാണ് വനിതാ നേതാക്കൾക്ക് അന്ത്യശാസനം നൽകിയിട്ടുള്ളത്.
കേസ് പിൻവലിക്കാതെ വിശദമായ ചർച്ച നടത്താൻ കഴിയില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. പാണക്കാട് ചേർന്ന യോഗത്തിലാണ് പരാതി പിൻവലിക്കാനുള്ള നിർദേശം ലീഗ് നേതൃത്വം മുന്നോട്ടുവച്ചത്.
പാർട്ടിക്കുള്ളിൽ പറഞ്ഞു തീർക്കേണ്ട പ്രശ്നങ്ങൾ വനിതാ കമ്മീഷനിലേക്കും പൊതുജനങ്ങളിലേക്കും എത്തിച്ചത് അച്ചടക്കലംഘനമാണെന്ന അഭിപ്രായമാണ് ലീഗ് നേതൃത്വത്തിനുള്ളത്.
എംഎസ്എഫ് നേതാക്കൾ മാനസികമായി പീഢിപ്പിക്കുകയും അപമാനകരമായി സംസാരിക്കുന്നതും ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ തന്നെ വനിതാവിഭാഗമായ ഹരിതയുടെ നേതാക്കൾ വനിതാ കമ്മീഷനിൽ പരാതി നൽകിയത്.
പാർട്ടി നേതൃത്വത്തോട് നേരത്തെ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്നാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നാണ് പരാതിക്കാരുടെ വിശദീകരണം.