പഴയങ്ങാടി: പഴയങ്ങാടി പഴയ ബസ്സ്റ്റാൻഡിന് സമീപമുള്ള മുൻ മാടായി പഞ്ചായത്തംഗവും മുസ്ലിം ലീഗ് നേതാവുമായ പി.എം. ഹനീഫയുടെ വീടിന് നേരേ ആക്രമണം നടത്തിയ രണ്ട് യുവാക്കളെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
എരിപുരം സ്വദേശിയും ഹനീഫയുടെ സഹോദരി പുത്രനുമായ പി.എം. ഷഹീൻ (36), സുഹൃത്തായ നെരുവമ്പ്രം സ്വദേശി മുഹമ്മദ് ജിഷാൻ (32) എന്നിവരെയാണ് പഴയങ്ങാടി എസ്ഐ രൂപ മധുസൂദനൻ അറസ്റ്റ് ചെയ്തത്. സമീപങ്ങളിലെ സിസി ടിവി കാമറകളിൽ നടത്തിയ പരിശോധനയിൽ പ്രതികളെ തിരിച്ചറിഞ്ഞാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയാണ് ഹനീഫയുടെ വീട്ടിൽ എത്തിയ ഇവർ ആക്രമണം നടത്തിയത്. വീടിന്റെ മുൻ വശത്തെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും പൂച്ചെട്ടികളും മറ്റും തകർത്തതിനുശേഷം പുറത്തെ സോഫാ സെറ്റുകകൾ നശിപ്പിക്കുകയും വാതിൽ ചവിട്ടിതുറക്കാനുള്ള ശ്രമം നടത്തുകയുംചെയ്തു.
പുലർച്ചയോടെ വീട്ടിലിലെത്തിയ രണ്ടംഗ സംഘം കോളിംഗ് ബെൽ അടിച്ചതിനുശേഷം വാതിൽ തുറക്കാത്തതിനെ തുടർന്നാണ് അക്രമം അഴിച്ചു വിട്ടത്. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.