കോഴിക്കാട്: സിപിഐയെ വലതുപക്ഷമുന്നണിയിലേക്ക് ക്ഷണിച്ച് ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ എംഎല്‍എ. ഭാരത് ജോഡോ യാത്രയില്‍ സിപിഐ ചേര്‍ന്നത് മാതൃകാപരമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ സഹായിക്കുന്ന നിലപാടിലേക്ക് സിപിഐ മാറണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെയുള്ള സിപിഎം നിലപാട് ദുരൂഹമാണെന്നും ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ മുനീര്‍ പറഞ്ഞു.
ജോഡോ യാത്രത്തില്‍ ബിനോയ് വിശ്വം അടക്കമുള്ളവര്‍ കഷ്മീരില് പങ്കെടുത്തിരുന്നു. മതേതരചേരി കോണ്‍ഗ്രസിനൊപ്പം ഉണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കു ഗുണകരമാകുന്നത് പ്രതിപക്ഷ അനൈക്യമാണെന്ന നിലപാടുമായി ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. സിപിഎം നിലപാട് അപക്വമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ സിപിഎം പങ്കെടുക്കാതിരുന്നതു രാഷ്ട്രീയമായി അപക്വമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നു പറയുന്നതും കോണ്‍ഗ്രസ് ഇതരമുന്നണി എന്നു പറയുന്നതും ഒരേ ഫലമാണ് ഉണ്ടാക്കുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ് ലിം ലീഗ് 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ലീഗിന്റെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ രാഷ്ട്രീയത്തിലെ നിലപാട് വ്യക്തമാക്കിയത്.