കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ലോക്സഭാമണ്ഡലത്തിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ വ്യാപക കള്ളവോട്ട് നടന്നെന്ന ആരോപണവുമായി സിപിഎമ്മും രംഗത്ത്. ലീഗുകാർ കള്ളവോട്ട് ചെയ്തെന്ന ദൃശ്യങ്ങളടക്കമുള്ള തെളിവുകളുമായാണ് സിപിഎം രംഗത്ത് വന്നിരിക്കുന്നത്.
കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പാന്പുരുത്തി മാപ്പിള എഎൽപി സ്കൂളിൽ നാട്ടിൽ വരാത്ത 28 പ്രവാസികൾ വോട്ട് ചെയ്തതായി തെളിവുകൾ ലഭിച്ചതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ രാഷ്ട്രദീപികയോട് പറഞ്ഞു. കള്ളവോട്ടിൽ പിഎച്ച്ഡി എടുത്തവരാണ് ലീഗുകാരും കെ. സുധാകരനുമെന്നും എം.വി. ജയരാജൻ പറഞ്ഞു. കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട കല്യാശേരി നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗുകാർ കൂട്ടത്തോടെ കള്ളവോട്ടു ചെയ്യുന്നു ദൃശ്യങ്ങളുമായി സിപിഎം രംഗത്ത് വന്നു.
ലീഗിന് നിർണായക സ്വാധീനമുള്ള മാടായി പഞ്ചായത്തിൽ പുതിയങ്ങാടി ജമാ അത്ത് ഹയർസെക്കൻഡറി സ്കൂളിലെ രണ്ടു ബൂത്തുകളിൽ കള്ളവോട്ടു നടന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.ഒരാൾത്തന്നെ രണ്ടും മൂന്നും വോട്ടു ചെയ്യുന്നതിനായി ക്യൂവിൽ നില്ക്കുന്ന ദൃശ്യമാണ് സിപിഎം പുറത്തുവിട്ടത്. മുട്ടം ഗവ. മാപ്പിള യുപി സ്കൂളിലും വൻതോതിൽ കള്ളവോട്ട് നടന്നതായി സിപിഎം ആരോപിക്കുന്നു.
ജമാ അത്ത് ഹയർസെക്കൻഡറി സ്കൂളിലെ 69ാം ബൂത്തിലെ 387ാം നമ്പർ വോട്ടറായ ലീഗ് പ്രവർത്തകൻ എസ്.വി. മുഹമ്മദ് ഫായിസ് എഴുപതാം നമ്പർ ബൂത്തിൽ കള്ളവോട്ടു ചെയ്യുന്നതായാണ് ദൃശ്യത്തിലുള്ളത്. സ്വന്തം ബൂത്തായ 69ാം നമ്പറിലും ഇയാൾ വോട്ടു ചെയ്യുന്നു. 69ാം ബൂത്തിലെ 76ാം നമ്പർ വോട്ടറായ കെ.എം. ആഷിഖ് ഈ ബൂത്തിൽ പലതവണ വോട്ടു ചെയ്യുന്നുവെന്നുമാണ് ആരോപണം.
കള്ളവോട്ടു ചെയ്യുന്നതിനെ എൽഡിഎഫ് ഏജന്റ് ചോദ്യം ചെയ്യുമ്പോൾ മുഹമ്മദ് ഫായീസും സംഘവും ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. വോട്ട് ചെയ്തുവന്ന ആഷിഖ് ബൂത്തിൽനിന്നു പുറത്തു പോകാതെ വീണ്ടും ക്യൂവിൽനിന്ന് വോട്ട് ചെയ്യുന്നുവെന്നാണ് ആരോപണം.
ഈ സമയം ലീഗ് പ്രവർത്തകനായ ചൂട്ടാടെ സൈനു പുതിയൊരു സ്ലിപ്പ് കൈമാറുന്നു. ആ സ്ലിപ്പുമായി മൂന്നാമത്തെ വോട്ടും ചെയ്ത ശേഷമാണ് ആഷിഖ് പുറത്തേക്കു പോയതെന്നാണ് ആരോപണം.