മുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയുമായി ധാരണ ഉണ്ടാക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി.
സമസ്തയ്ക്കു പിന്നാലെ മുജാഹിദ് വിഭാഗവും ലീഗ് നീക്കത്തിനെതിരേ പരസ്യമായി രംഗത്തെത്തി. ലീഗിന് ശക്തമായ കരുത്തുപകരുന്ന സമുദായസംഘടനകൾ കടുത്ത വിയോജിപ്പു മായി രംഗത്തെത്തിയതോടെ വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കാനുള്ള ലീഗിന്റെ ചില നേതാക്കളുടെ ശ്രമം ഉപേക്ഷിക്കേണ്ടി വരുമെന്നാണ് സൂചന.
കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി എ.ഐ. അബ്ദുൽമജീദ് സ്വലാഹി ഫേസ് ബുക്കിലൂടെയാണ് സംഘടനയുടെ എതിർപ്പ് പരസ്യമാക്കിയത്.
മാത്രമല്ല ജമാഅത്തെ ഇസ്ലാമിയെ പാലസ്തീനിലെ ഹമാസ്, ഈജിപ്തിലെ ബ്രദർഹുഡ്, ലബനനിലെ ഹിസ്ബുള്ള, ഇറാനിലെ സായുധസംഘങ്ങൾ എന്നിവയുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. ബന്ധം നന്നാക്കുക, പുതിയ ബന്ധം സൂക്ഷിക്കുക എന്ന തലക്കെട്ടിലെഴുതുക കുറിപ്പിലാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
മുസ്ലിം ലീഗിന്റ അടിത്തറ സമസ്തയും മുജാഹിദുകളും അവരുടെ അനുഭാവികളും സമാന ചിന്തയുള്ളവരും തന്നെയാണ്. അതുകൊണ്ടു ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയണം. മതസംഘടനകളുടെ വഴി വേറെയാണ്. അതു കരുതി എന്തും ആകാമെന്ന് വിചാരിക്കരുരുതെന്ന് കുറിപ്പില്‍ പറയുന്നു.