ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ എന്ന് കണ്ടെത്തല്‍.
11 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയത്.
സര്‍വേ നടത്തിയ സംസ്ഥാനങ്ങളില്‍ ആകെ സര്‍വ്വേ നടത്തിയവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ആന്റിബോഡി സാന്നിധ്യമുണ്ടെന്നു കണ്ടെത്തി.
ജൂണ്‍ 14നും ജൂലൈ ആറിനും ഇടയിലാണു സര്‍വേ നടത്തിയത്. ദേശീയതലത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ വേണ്ടിയാണ് ഐസിഎംആര്‍ സിറോ സര്‍വ്വേ നടത്തുന്നത്.
മധ്യപ്രദേശില്‍ 79% പേര്‍ക്കും കോവിഡ് ആന്റിബോഡി കണ്ടെത്തി. കേരളത്തില്‍ ഇത് 44.4% മാത്രമാണ്. അസമില്‍ സിറോ പ്രിവലന്സ് 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ്.
രാജസ്ഥാന്‍ 76.2%, ബിഹാര്‍-75.9, ഗുജറാത്ത് 75.3, ഛത്തിസ്ഗഡ്-74.6, ഉത്തരാഖണ്ഡ്-73.1, ഉത്തര്‍പ്രദേശ്-71, ആന്ധ്രാപ്രദേശ്-70.2, കര്‍ണാടക-69.8, തമിഴ്നാട്-69.2, ഒഡിഷ-68.1% എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ സിറോ പ്രിവലന്‍സ് നിരക്ക്.
ഐസിഎംആര്‍ രാജ്യത്തെ 70 ജില്ലകളില്‍ നടത്തിയ നാലാംവട്ട സര്‍വേയുടെ ഫലം കേന്ദ്ര ആരോഗ്യ മന്ത്രാലയമാണു പുറത്തുവിട്ടത്.
മുന്‍കൂട്ടി നിശ്ചയിച്ച സാമ്പ്‌ളിംഗ് പ്രകാരം, തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആന്റിബോഡി സാന്നിധ്യം നിര്‍ണയിക്കുകയാണ് സിറോ പ്രിവലന്‍സ് സര്‍വേയിലൂടെ നടത്തുന്നത്.
രോഗംവന്ന് ഭേദമായവരിലും വാക്സീന്‍ സ്വീകരിച്ചവരിലും കോവിഡ് വൈറസിനെതിരായ ആന്റിബോഡികളുണ്ടാവും. സമൂഹത്തില്‍ എത്ര ശതമാനം പേര്‍ക്ക് രോഗപ്രതിരോധശേഷി ആര്‍ജ്ജിക്കാന്‍ കഴിഞ്ഞെന്ന് സിറോ പ്രിവലന്‍സ് പഠനത്തിലൂടെ കണ്ടെത്താം.
നിലവില്‍ രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് കേരളം. പുതിയ വിവരങ്ങള്‍ സംസ്ഥാനത്തിനാകെ ആശങ്ക പകരുകയാണ്.