ഒരു ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാനെന്ന് തമാശ രൂപേണ ചിലര്‍ പറയാറുണ്ട്.
ജോലി കിട്ടിയാല്‍ പിന്നെ അവധിയെടുക്കാന്‍ പല അടവുകളും പുറത്തെടുക്കുന്നവരുണ്ട്.
വിശ്വാസയോഗ്യമായ കാരണം ബോധിപ്പിച്ചാല്‍ ഏതൊരു സ്ഥാപനവും അവധി നല്‍കും. എന്നാല്‍ അനാവശ്യമായ കാര്യത്തിനാണെങ്കിലോ?
ജീവിച്ചിരിക്കുന്ന പലരെയും ‘കൊന്നും’, ഇല്ലാത്ത അസുഖം ഉണ്ടെന്നു പറഞ്ഞുമാണ് പലരും അവധിയെടുക്കുന്നത്.
അനാവശ്യമായതോ മടികൊണ്ടോ അല്ലെങ്കില്‍ പുറത്തുപറയാന്‍ കഴിയാത്ത കാരണത്താലോ ആണ് ഇത്തരം അവധികള്‍ എടുക്കുന്നത്.
ഒരു യുവതി സ്ഥാപനമേധാവിക്ക് നല്കിയ അവധിക്കുള്ള അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
റോബര്‍ട്ട ക്ലാര്‍ക്ക് എന്ന ഇരുപതുകാരിക്കാണ് അബദ്ധം പറ്റിയത്. ഒരു കമ്പനിയിലെ ഇലക്ടീഷ്യനായിരുന്നു ഇവര്‍.
ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ബോസ് ഇവരോട് ജോലിക്കെത്താന്‍ ആവശ്യപ്പെട്ടത്.
പാര്‍ട്ടിക്കിടെ ജോലിക്കെത്താന്‍ പറഞ്ഞാല്‍ ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുമോ? റോബര്ട്ടയ്ക്കും ഇഷ്ടപ്പെട്ടില്ല.
ഉടന്‍തന്നെ ജോലിക്കെത്താന്‍ കഴില്ലെന്ന് അവര്‍ ബോസിനോട് പറഞ്ഞു.
താന്‍ താമസിക്കുന്ന സ്ഥലത്ത് കനത്ത മഞ്ഞുവീഴ്ചയാണെന്നും അതുകൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നുമായിരുന്നു റോബര്‍ട്ട പറഞ്ഞ കാരണം. പക്ഷെ ഒരു കുഴപ്പം പറ്റി.
അബദ്ധത്തില്‍ ബോസിന്റെ ഫോണിലേക്ക് റോബര്‍ട്ടയുടെ ഒരു മെസേജ് ചെന്നു. ഐസ് കട്ടകള്‍ക്കിടയില്‍ വച്ചിരിക്കുന്ന ഒരു ഷാമ്പെയിന്റെ ചിത്രമാണ് മെസേജ് ആയി അയച്ചത്.
അബദ്ധം മനസിലാക്കി യുവതി ഉടന്‍തന്നെ ബോസിനോട് ക്ഷമ ചോദിച്ചു മെസേജ് അയച്ചു.
ഒരു സുഹൃത്തിന് അയച്ച മെസേജ് ആണെന്നും നമ്പര്‍ മാറിപ്പോയെന്നുമായിരുന്നു യുവതി അറിയിച്ചത്. പക്ഷെ പേടിച്ചതുപോലെ സംഭവിച്ചില്ല.
നാളെ കാണാം എന്നാണ് ബോസ് യുവതിയുടെ മെസേജിന് മറുപടി നല്‍കിയത്. ഇതോടെയാണ് തന്റെ ശ്വാസം നേരെവീണതെന്ന് യുവതി ട്വിറ്ററില്‍ കുറിച്ചു.