ബെയ്റൂട്ട്: സൂര്യപ്രകാശം അടിസ്ഥാനമാക്കിയുള്ള ഡേ ലൈറ്റ് സേവിംഗ്സ് ടൈം സംവിധാനം ലെബനനിൽ വൻ തർക്കങ്ങൾക്ക് കാരണമാകുന്നു.
വേനൽക്കാലത്ത് ഘടികാര സൂചികൾ ഒരു മണിക്കൂർ മുന്നോട്ട് കറക്കി സൂര്യപ്രകാശമുള്ള സമയം തിരിച്ചുപിടിക്കാനുള്ള നീക്കമാണ് രാജ്യത്തെ രാഷ്ട്രീയരംഗത്തെ കലുഷിതമാക്കിയത്.
എന്താണ് ഡേ ലൈറ്റ് സേവിംഗ്സ്?
ഒരു ദിവസത്തെ സമയത്തിൽ ഒരു മണിക്കൂർ മുന്നോട്ട് പോയി സൂര്യാസ്തമനത്തെ “വൈകിപ്പിക്കുന്ന’ നടപടി ഡേ ലൈറ്റ് സേവിംഗ്സിൽ(ഡിഎസ്ടി) പ്രധാന സംഭവമാണ്.
മഞ്ഞുകാലം അവസാനിക്കുന്ന മാർച്ച് അവസാന വാരത്തിലെ ഞായറാഴ്ചയാണ് ലെബനനിലും മറ്റ് യുറോപ്യൻ രാജ്യങ്ങളിലും സാധാരണയായി ഈ പ്രക്രിയ നടക്കുന്നത്.
ഇതോടെ, വർഷത്തിലെ വേനൽക്കാലത്തിന് മുമ്പുള്ള ഒരു ദിവസം 23 മണിക്കൂർ മാത്രമാണ് ഉണ്ടാവുക.
ഒക്ടോബർ അവസാന വാരം ഘടികാരം ഒരു മണിക്കൂർ പിന്നോട്ട് ചലിപ്പിച്ച് ഉദയസൂര്യന്റെ പ്രകാശം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു.
ഈ ഒരൊറ്റ ദിവസം 25 മണിക്കൂർ ആവും ഉണ്ടാവുക. ഉത്തരാർധ ഗോളത്തിലും മഞ്ഞിന്റെ കാഠിന്യം അനുഭവപ്പെടുന്ന ചില രാജ്യങ്ങളിലുമാണ് ഡിഎസ്ടി പ്രധാനമായും ഉപയോഗിക്കുന്നത്.
ഒന്നാം ലോക മഹായുദ്ധ കാലത്ത് ജർമനിയിലാണ് ഈ പ്രക്രിയ ആദ്യം ആരംഭിച്ചത്. പിന്നീട് യൂറോപ്പിലേക്കും മറ്റും വ്യാപിച്ചു.
മാർച്ച് 26-ന് രാത്രി ഒന്നിനാണ് യുകെയിൽ ഡിഎസ്ടി ആരംഭിക്കുക. ഇതിന് പ്രകാരം ഒരു മണിയിൽ നിന്ന് ഘടികാര സൂചി നേരെ കറക്കി രണ്ട് മണിയിലെത്തിക്കും.
ഇതിന്റെ ഫലമായി വൈകിട്ട് സൂര്യപ്രകാശമുള്ള ഒരു അധിക മണിക്കൂർ ലഭിക്കും. ഒക്ടോബർ 29 പുലർച്ചെ രണ്ട് മണിക്ക് ഘടികാരം തിരികെ തിരിച്ച് ഒരു മണിയിലെത്തിച്ച് നഷ്ടപ്പെട്ട മണിക്കൂർ തിരിച്ചെടുക്കും.
എന്താണ് ലെബനനിലെ പ്രശ്നം?
ഡിഎസ്ടി ഘടികാര മാറ്റം ഏപ്രിൽ 20-ന് മാത്രം മതിയെന്നാണ് ലെബനനിലെ താൽക്കാലിക പ്രധാനമന്ത്രിയായ നജീബ് റക്കാത്തിയുടെ തീരുമാനം. മുസ്ലിം ജനവിഭാഗത്തിൽപ്പെടുന്നവർക്ക് “ഒരു മണിക്കൂർ’ മുമ്പ് നോമ്പ് അവസാനിപ്പിക്കാനാണ് ഈ നീക്കം.
സാധാരണയായി, മാർച്ച് അവസാനവാരമുളള ഒരു ദിവസം ഘടികാരം ഒരു മണിക്കൂർ മുന്നോട്ട് ചലിപ്പിച്ച് യുറോപ്യൻ മാതൃകയിൽ ഡിഎസ്ടിയിൽ ഏർപ്പെടുന്നതാണ് ലെബനനിലെ ശീലം.
പതിവിന് വിപരീതമായി ഏപ്രിലിലേക്ക് ഡിഎസ്ടി മാറ്റം നീക്കിവച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. സങ്കുചിത നേട്ടങ്ങൾക്കായുള്ള “സമയനഷ്ടത്തെ’ അപലപിച്ച് നിരവധി പേർ രംഗത്തെത്തി.
സർക്കാർ നീക്കത്തിനെതിരെ രാജ്യത്തെ ക്രിസ്ത്യൻ വിഭാഗങ്ങൾ രംഗത്തെത്തി. മതപരമായ കാര്യങ്ങൾക്കായി ഡേ ലൈറ്റ് സേവിംഗ്സ് നടപടിയിൽ മാറ്റം വരുത്തുന്നത് ശരിയല്ലെന്നും ഇത് വ്യാപക പ്രശ്നങ്ങളുണ്ടാക്കുമെന്ന് പ്രബലമായ മോർമൺ ചർച്ച് അറിയിച്ചു.
പതിവനുസരിച്ച് ഘടികാരം ഒരു മണിക്കൂർ മുന്നോട്ട് നീക്കി ഡേ ലൈറ്റ് സേവിംഗ്സ് ഉപയോഗപ്പെടുത്തുമെന്നാണ് ഇവരുടെ നിലപാട്.
സർക്കാർ ഓഫീസുകളിലും ഔദ്യോഗിക സ്ഥാപനങ്ങളിലും ഡിഎസ്ടി പ്രാബല്യത്തിൽ വരുത്താതെയുള്ള സമയമാകും ഉപയോഗിക്കുക.
എന്നാൽ പതിവനുസരിച്ച് ഘടികാരം ഒരു മണിക്കൂർ മുന്നോട്ട് നീക്കുമെന്ന് പലരും തീരുമാനമെടുത്തതോടെ ഒരൊറ്റ ടൈംസോൺ മാത്രം പിന്തുടരുന്ന ഈ ചെറിയ രാജ്യത്ത് കടുത്ത സമയഭിന്നതയാണ് ഉടലെടുത്തിരിക്കുന്നത്.
ഇതോടെ ഏത് സമയം പാലിക്കണമെന്ന് അറിയാതെ ജനങ്ങൾ വലയുകയാണ്. നാട്ടിലെ സമയക്രമത്തെ ബഹുമാനിക്കുമെങ്കിലും അന്താരാഷ്ട്ര തലത്തിലെ ഡേ ലൈറ്റ് സേവിംഗ്സ് ഉപയോഗിക്കുമെന്നാണ് ദേശീയ ഏയർലൈൻസായ മിഡിൽ ഈസ്റ്റ് എയർലൈൻസ് അറിയിച്ചത്.
മൊബൈൽ ഫോണുകളിൽ സമയം തനിയെ മാറുമെന്നും യുക്തിക്കനുസരിച്ച് അവ ഉപയോഗിക്കണമെന്നും മൊബൈൽ കമ്പനികൾ അറിയിച്ചു.