ഹിസ്ബുള്ള ലെബനനെ വിഴുങ്ങുന്നുവോ ? ബെയ്‌റൂട്ട് തുറമുഖവും വിമാനത്താവളവും ഭീകര സംഘടനയുടെ നിയന്ത്രണത്തില്‍ എന്നു വിവരം; സ്‌ഫോടനത്തിനു പിന്നില്‍ ഹിസ്ബുള്ളയെന്ന് ആരോപണം…

ബെയ്‌റൂട്ട് നഗരത്തെ നാമാവിശേഷമാക്കിയ സ്‌ഫോടനത്തില്‍ ഇതുവരെ 137 ആളുകളാണ് മരിച്ചത്. 5000ലേറെ ആളുകള്‍ക്ക് പരിക്കുണ്ട്. ഇതിനു കാരണക്കാര്‍ അഴിമതിക്കാരായ ഭരണകൂടവും തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയുമാണെന്ന ആരോപണവുമായി ഇപ്പോള്‍ ഒരു പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുകയാണ്.

നഗരത്തിലെ തുറമുഖവും വിമാനത്താവളവും നിയന്ത്രിക്കുന്നത് ഹിസ്ബുള്ളയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തുറമുഖത്തിനടുത്തെ വെയര്‍ഹൗസില്‍ സംഭരിച്ചിരുന്നത് അമോണിയം നൈട്രേറ്റ് ആയിരുന്നു എന്ന് സര്‍ക്കാരിന് അറിയില്ല എന്നു പറയുന്നത് വിശ്വസിക്കാനാകില്ലെന്നും 2005ല്‍ കൊല്ലപ്പെട്ട ലെബനീസ് മുന്‍ പ്രധാനമന്ത്രി റഫീഖിന്റെ മകന്‍ ബാഹാ ഹൈരി ആരോപിച്ചു.

രണ്ട് ദശലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന നഗരത്തിന്റെ ഹൃദയഭാഗത്ത് മാരകമായ ഒരു സ്‌ഫോടകവസ്തു ആറു വര്‍ഷക്കാലം എങ്ങനെ സൂക്ഷിച്ചുവെന്നത് ചോദ്യമാണെന്ന് 54കാരനായ ഹൈരി പറഞ്ഞു.

ഹിസ്ബുള്ള അറിയാതെ ഒരു ചെറിയ വസ്തുപോലും നഗരത്തിലേക്ക് എത്തില്ലയെന്നും ഹൈരി പറയുന്നു. സ്‌ഫോടനത്തില്‍ ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കുന്നത്.

120 മീറ്റര്‍ നീളമുള്ള ഒരു ആഡംബര കപ്പല്‍ മുങ്ങിപ്പോയ സ്‌ഫോടനത്തില്‍ മൊത്തം അഞ്ച് ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഒരു മുതിര്‍ന്ന സൈനിക ജഡ്ജിയെ നിയമിച്ചിട്ടുണ്ട്. ചില തുറമുഖ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്.

തുറമുഖ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 18 പേരെ ചോദ്യം ചെയ്തുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. അന്വേഷണം തുറമുഖ ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റി നടക്കുമ്പോഴും ഭൂരിപക്ഷം ജനങ്ങളും പഴിക്കുന്നത് രാഷ്ട്രീയ നേതൃത്വത്തെയാണ്. അഴിമതിയും കെടുകാര്യസ്ഥതയും അഴിഞ്ഞാടുന്ന ഭരണകൂടമാണ് സ്‌ഫോടനത്തിന് ഉത്തരവാദി എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അതേസമയം, സ്‌ഫോടനത്തിന് കാരണമായ അമോണിയം നൈട്രേറ്റിനെ കുറിച്ചും അതുകൊണ്ടുവന്ന കപ്പലിനെ കുറിച്ചും അതിന്റെ ഉടമയായ, സൈപ്രസില്‍ താമസിക്കുന്ന റഷ്യന്‍ വ്യാപാരിയെ സൈപ്രസ് പൊലീസ് ചോദ്യം ചെയ്തതായാണ് വിവരം.

കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കിയ മുന്നറിയിപ്പിനെ ശരിവയ്ക്കുന്നതാണ് ഹൈരിയുടെ വാക്കുകള്‍ ഇറാനും ഖുദ് തീവ്രവാദികളും സിവിലിയന്‍ സമുദ്ര പാതകള്‍ ദുരുപയോഗം ചെയ്യുവാന്‍ ആരംഭിക്കുന്നു എന്നയിരുന്നു അന്ന് ഇസ്രയേല്‍ പറഞ്ഞത്. ബെയ്‌റൂട്ടിലെ തുറമുഖം ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലാണെന്നും ഇസ്രയേല്‍ അംബാസിഡര്‍ വ്യക്തമാക്കിയിരുന്നു.

പൂര്‍ണ്ണമായും സര്‍ക്കാര്‍ പിന്തുണയോടെയാണ് ഹിസ്ബുള്ള പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച ഹൈരി, ഈ സ്‌ഫോടനത്തെ കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള ഒരു അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ജോര്‍ജ്ജിയയില്‍ നിന്നും മൊസാംബിലേക്ക് കൊണ്ടുപോവുകയായിരുന്ന അമോണിയം നൈട്രേറ്റ് പല കാരണങ്ങളാല്‍ ബെയ്‌റൂട്ടില്‍ പിടിച്ചുവയ്ക്കുകയായിരുന്നു. ഇതിന്റെ ഉടമയായ റഷ്യന്‍ വ്യാപാരി, ഏറെ ശ്രമിച്ചിട്ടും ഇത് വിട്ടുകിട്ടാതെയായപ്പോള്‍ കപ്പല്‍ ഉപേക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് ഈ സ്‌ഫോടകവസ്തു തുറമുഖത്തിനടുത്തുള്ള ഒരു വെയര്‍ഹൗസില്‍ സംഭരിച്ചത്.

തുറമുഖ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരുമെല്ലാം അത് അവിടെനിന്ന് നീക്കം ചെയ്യുവാനുള്ള അനുമതിക്കായി അപേക്ഷിച്ചെങ്കിലും ഭരണകൂടം അത് ചെവിക്കൊണ്ടില്ല. അതിന്റെ പരിണിതഫലമാണ് ഈ ദുരന്തം.

Related posts

Leave a Comment