ഇസ്രയേൽ: ലബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുമായുള്ള ഇസ്രയേലിന്റെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ. വെടിനിർത്തലിനുള്ള അമേരിക്കയുടെയും ഫ്രാൻസിന്റെയും നിർദേശം ഇരുരാജ്യങ്ങളും അംഗീകരിച്ചതോടെ പ്രാദേശിക സമയം ഇന്നു പുലർച്ചെ നാലു മുതൽ കരാർ നിലവിൽവന്നെന്നാണു റിപ്പോർട്ടുകൾ. 3,800 പേർ കൊല്ലപ്പെടുകയും 16,000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലബനനിലെ യുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുക്കുന്നതാണ് ഈ തീരുമാനം.
ലിറ്റനി നദിയുടെ കരയിൽനിന്ന് ഹിസ്ബുള്ള പിന്മാറണമെന്നതടക്കമുള്ള നിർദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രയേൽ സൈന്യം ലബനൻ അതിർത്തിയിൽനിന്നു പിന്മാറുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ തീരുമാനം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആണു പ്രഖ്യാപിച്ചത്.
കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗാസയിലും വെടിനിർത്തലിന് തന്റെ സർക്കാർ ശ്രമമാരംഭിക്കുമെന്നും ബൈഡൻ പറഞ്ഞു. വെടിനിർത്തൽ കരാറിനുശേഷം നെതന്യാഹുവുമായും ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുമായും ബൈഡൻ സംസാരിച്ചു.
അതേസമയം, ബൈഡന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ നിലവിൽ വരുന്നതിന് മുമ്പ് ഹിസ്ബുള്ളയെ കൂടുതൽ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് സൂചന.