സ്വന്തം ലേഖകൻ
കൊണ്ടോട്ടി: സംസ്ഥാനത്ത് കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച 8750 പേർക്ക് ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് വിലക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വരവ് ചെലവ് കാണിക്കാത്തതിനും, പരിധിയിൽ കൂടുതൽ പണം ചെലവഴിച്ചതിനും തെരഞ്ഞെടുപ്പ് കമ്മീഷണർ അയോഗ്യരാക്കിയതോടെയാണ് ഇവർക്ക് വരുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിന് വിലക്കുളളത്.
ആറ് വർഷത്തേക്കാണ് ഇവരെ അയോഗ്യരാക്കിയത്. ആയതിനാൽ 2021 ൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് വന്നാലും ഇവർക്ക് മൽസരിക്കാനാകില്ല.
ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിച്ചവരാണ് വരവ് ചെലവ് സമർപ്പിക്കാനും പരിധിയിൽ കൂടുതൽ തുക ചെലവഴിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്. 882 ഗ്രാമപഞ്ചായത്തുകളിലെ 6559 പേരേയാണ് ഇത്തരത്തിൽ അയോഗ്യരാക്കിയത്.
സംസ്ഥാനത്ത് ആകെ 941 ഗ്രാമപഞ്ചായത്തുകളാണുളളത്. സംസ്ഥാനത്ത് 84 നഗരസഭകളിലേക്ക് മൽസരിച്ച 1188 പേരേയും അയോഗ്യരാക്കിയിട്ടുണ്ട്. 88 നഗരസഭകളാണ് സംസ്ഥാനത്ത് ആകെയുളളത്. 145 ബ്ലോക്ക് പഞ്ചായത്തുകളിലെ 557 പേരും, 14 ജില്ലാപഞ്ചായത്തുകളിലെ 62 പേരും യോഗ്യരായവരാണ്.
ആറ് കോർപറേഷനുകളിൽ 384 പേർക്കും വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്തവരാണ്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ നിന്ന് മത്സരിച്ചവരായിരുന്നു ഏറ്റവും കൂടുതൽ പേർ അയോഗ്യരായത്. 1031 പേർക്കാണ് വരും തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയാതെ പോകുന്നത്. 161 പേരുളള വയനാട് ജില്ലയിലാണ് അയോഗ്യർ കുറവുളളത്.
ഏറ്റവും കൂടുതൽ തദ്ദേശ സ്ഥാപനങ്ങളുള്ള മലപ്പുറം ജില്ലയിൽ 122 തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച 972 പേരാണ് അയോഗ്യരായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിക്കുന്നവർക്ക് 10,000 മുതൽ 60,000 രൂപ വരെയാണ്് ചെലവഴിക്കാനായി അനുവദിച്ച തുക.
ഇത് മറികടന്നും കൃത്യമായ കണക്ക് ബോധിപ്പിക്കാത്തവർക്കുമാണ് അയോഗ്യരായത്. തോറ്റ സ്ഥാനാർഥികളാണ് കൂടുതലും വരവ് ചെലവ് കാണിക്കാതെ അയോഗ്യരായത്.