കൊരട്ടി: എൽഇഡി ബൾബ് നിർമാണത്തിന്റെ പേരിൽ കൊരട്ടി കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടന്നതായി പരാതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തട്ടിപ്പിനിരയായവർ ഇന്നലെ മുതൽ കൊരട്ടിയിലേക്ക് പരാതിയുമായി എത്തിയപ്പോഴാണ് തട്ടിപ്പുവിവരം പുറത്തുവരുന്നത്.
കൊരട്ടിയിലെ പ്രമുഖ വ്യാപാര സമുച്ചയത്തിൽ അഞ്ചു മാസത്തോളമായി പ്രവർത്തിച്ചു വരുന്ന ലിമിംഗ് ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിനെതിരെയാണ് ആക്ഷേപമുയർന്നിരിക്കുന്നത്. മൂന്നു ദിവസങ്ങളായി ജീവനക്കാർ സ്ഥാപനത്തിലെത്തുന്നില്ലെന്നും നടത്തിപ്പുകാരൻ ലിന്റോ മുങ്ങിയതായും തട്ടിപ്പിനിരയായവർ പറയുന്നു. ഇരുന്നൂറോളം പേർ കബളിപ്പിക്കപ്പെട്ടതായും സൂചനയുണ്ട്.
നിക്ഷേപകർക്ക് വ്യത്യസ്ത പാക്കേജുകളനുസരിച്ച് എൽഇഡി ബൾബ് നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ നൽകുകയും നിർമിച്ച ബൾബുകൾ സ്ഥാപനം വിലക്ക് തിരിച്ചെടുക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നത്രേ. കൂടുതൽ വിശ്വാസ്യതയ്ക്ക് നിക്ഷേപ തുകയുടെ ഉറപ്പിന് വിവിധ ബാങ്കുകളുടെ ചെക്ക് ലീഫുകളും, വാഗ്ദാന പത്രികകളും നൽകിയിരുന്നു.
പരസ്യത്തിൽ ആകൃഷ്ടരായാണ് പലരും നിക്ഷേപം നടത്തിയത്. തട്ടിപ്പിനിരയായവരിൽ പലരും സാധാരണക്കാരും സാന്പത്തിക പ്രാരാബ്ധങ്ങളുള്ളവരുമാണ്. സമീപ പഞ്ചായത്തിൽ സമാനമായ രീതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതായും സൂചനയുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ പരാതിക്കാരിൽ ചിലർ സ്ഥാപനത്തിൽ അവേശിഷിച്ച സാമഗ്രികൾ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കൊരട്ടി എസ്ഐ രാമു ബാലചന്ദ്ര ബോസ് അവരെ അനുനയിപ്പിക്കുകയുമായിരുന്നു. തുടർന്ന് തട്ടിപ്പിനിരയായവർ പോലീസ് സ്റ്റേഷനിലെത്തി പരാതികൾ നൽകി.