ആലപ്പുഴ: എൽഇഡി ബൾബ് നിർമിച്ച് യുപി സ്കൂൾ വിദ്യാർഥികൾ ശ്രദ്ധയാകർഷിക്കുന്നു. എസ്ഡിവി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച കാർഷിക വ്യാവസായിക പ്രദർശനത്തോടനുബന്ധിച്ച് ഒരുക്കിയ പവലിയനിലാണ് പാതിരപ്പള്ളി വിവിഎസ്ഡി യുപി സ്കൂളിലെ വിദ്യാർഥികളുടെ സ്റ്റാൾ. കുട്ടികൾ നിർമിച്ച എൽഇഡി ബൾബ്, സീഡ് പേന, ഓഫീസ് ഫയൽ, ഫ്ളെക്സി ഫയൽ എന്നിവയാണ് വില്പനയ്ക്കായി വച്ചിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവൃത്തി പരിചയ വിഭാഗം അനുവദിച്ചു നല്കിയ ആദ്യ എൽഇഡി ബൾബ് നിർമാണ യൂണിറ്റാണ് സ്കൂളിലേത്. പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും ചെറിയ സന്പാദ്യ പരിശീലനവും കുട്ടികളിൽ വളർത്തുകെയന്ന് ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയിൽ അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് നിർമാണ പ്രവൃത്തിയിൽ പങ്കാളിത്തം വഹിക്കുന്നത്.
പ്രധാന അധ്യാപിക സിന്ധുവും യൂണിറ്റ് ചുമതലയുള്ള ജി. ധന്യയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള പരിശീലകൻ പി.പി. പോളുമാണ് മേൽനോട്ടം വഹിക്കുന്നത്. ഇപ്പോൾ സ്വന്തം ബ്രാൻഡിൽ ബൾബുകൾ വിൽക്കുന്ന യൂണിറ്റായും ഇതുമാറി. ആദ്യം 20 കുട്ടികൾക്കായിരുന്നു ഇതിൽ പരിശീലനം നല്കിയിരുന്നത്.
ഇപ്പോൾ278 കുട്ടികളും പരിശീലനം നേടി. അഞ്ചുവോൾട്ടിന്റെ ബൾബിന് 70 രൂപയും ഒന്പതു വോൾട്ടിന് 90 രൂപയും 12 വോൾട്ടിന്േറതിന് 130 രൂപയുമാണ് നിരക്ക്. ആദ്യദിനത്തിൽ തന്നെ പതിനായിരത്തോളും രൂപയുടെ ബൾബുകൾ വിൽക്കാനായി. ഒരു ബൾബ് നിർമിക്കുന്ന വിദ്യാർഥിക്ക് അഞ്ചുരൂപയാണ് വിറ്റാൽ ലഭിക്കുന്നത്. പരിശീലിച്ചാൽ പത്തുമിനിറ്റു കൊണ്ടുതന്നെ ബൾബ് നിർമിക്കാമെന്ന് വിദ്യാർഥികൾ പറയുന്നു. ആയിരത്തോളം ബൾബുകൾ ഇതുവരെയായിഉണ്ടാക്കിക്കഴിഞ്ഞു.