കോഴിക്കോട്: മൂന്നുവർഷം ഗ്യാരണ്ടിയോടെ ഒന്നിന് 70 രൂപനിരക്കിൽ പത്ത് എൽഇഡി ബൾബുകൾ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയിൽ ബൾബുകൾ വാങ്ങാൻ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിൽ വൻതിരക്ക്.കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും എൻർജി എഫീഷ്യൻസി സർവീസസ് ലിമിറ്റഡിന്റെയും നേതൃത്വത്തിൽ കോഴിക്കോട്ട് മാത്രം 20,000 ബൾബുകൾ വിതരണത്തിനെത്തി.
ആധാർ കാർഡിന്റെ കോപ്പിയും ഫോൺ നന്പറും നൽകിയാൽ ഒരു കാർഡിന് പത്തു ബൾബുവീതം ലഭിക്കും. പുറമെ 130 രൂപവരെ വിലയുള്ള ഒൻപത് വാട്സിന്റെ ക്രോംപ്ടൺ ബൾബുകളാണ് കുറഞ്ഞനിരക്കിൽ വിതരണം ചെയ്യുന്നത്.
2015ൽ പ്രധാനമന്ത്രി നരേന്ദമോദി ഉദ്ഘാടനം ചെയ്ത പദ്ധതിപ്രകാരം കേരളത്തിലെ തിരുവനന്തപുരം, തൊടുപുഴ, ഴിക്കോട്, കണ്ണൂർ അടക്കം അഞ്ച് ഹെഡ്പോസ്റ്റ് ഓഫീസുകളിൽ ബൾബുകൾ വിതരണത്തിന് എത്തിയതായി തപാൽവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
220 രൂപയ്ക്ക് എൽഇഡി ട്യൂബുകൾ, 1110 രൂപയ്ക്ക് ഫാനുകൾ എന്നിവയും “ഉന്നത് ജ്യോതി ബൈ എൽഇഡീസ് ഫോർ ഓൾ(ഉജാല) ‘ എന്ന പദ്ധതിപ്രകാരം മറ്റു സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. എൽഇഡി ട്യൂബും,ഫാനും വൈകാതെ കോഴിക്കോട്ട് വിതരണത്തിനെത്തും. കാര്യമായ പരസ്യം ഇല്ലാതിരുന്നിട്ടും ആദ്യത്തെ ഒരാഴ്ചക്കകം അയ്യായിരം ബൾബുകൾ കോഴിക്കോട്ട് വിറ്റുതീർന്നു. ഇന്നലെ തിരക്കുമൂലം ഉച്ചയ്ക്ക് രണ്ടിനോടെ കൗണ്ടർ അടയ്ക്കേണ്ടിവന്നു.
ബൾബുകൾ വാങ്ങുന്പോൾ ലഭിക്കുന്ന ബില്ലാണ് ഗ്യാരണ്ടികാർഡ് . മുന്നു വർഷം ഗ്യാരണ്ടി ഉള്ളതാണ് തിരക്ക് വർധിക്കാൻ കാരണം. മറ്റുജില്ലകളിൽ ഉള്ളവർക്കും തിരിച്ചറിയിൽ കാർഡിന്റെ കോപ്പിനൽകി ബൾബുകൾ വാങ്ങാവുന്നതാണ്. രാവിലെ 10 മുതൽ മൂന്നുവരെയാണ് വിൽപന സമയമെങ്കിലും തിരക്കുമൂലം ഉച്ചയ്ക്ക് രണ്ടിന് കൗണ്ടർ അടയ്ക്കാനാണ് തീരുമാനം. എങ്കിലും രണ്ടിനകം അപേക്ഷ നൽകുന്നവർക്ക് അന്നുതന്നെ ബൾബുകൾ നൽകും.
ചിലർ ഒന്നിലധികം ആധാർ കാർഡുകൾ ഹാജരാക്കി കൂടുതൽ ബൾബുകൾ വാങ്ങുന്നുണ്ട്. 2019 മാർച്ചിനകം രാജ്യത്ത് 77 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്യുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. അതുവഴി വൻതോതിൽ ഊർജം സംരക്ഷിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.