കൊച്ചി: ഏഴു വയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ് ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ ശസ്ത്രക്രിയയില്ലാതെ വിജയകരമായി പുറത്തെടുത്തു. കണ്ണൂർ സ്വദേശിനിയുടെ ശ്വാസകോശത്തിൽനിന്നാണു കൂർത്ത അഗ്രം പുറത്തേക്കു തിരിഞ്ഞ നിലയിലുള്ള ബൾബ് പുറത്തെടുത്തത്.
വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ ബൾബ് കുട്ടിയുടെ ഉള്ളിൽ പോകുകയായിരുന്നു. ശ്വാസകോശത്തിൽ ബൾബ് കുടുങ്ങിയ കുട്ടിയെ ആദ്യം കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ ബ്രോങ്കോസ്കോപിയിലൂടെ ബൾബ് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് സർജറി വിഭാഗം ഡോക്ടർ അഹമ്മദ് കബീറിന്റെ നേതൃത്വത്തിൽ താരതമ്യേന സങ്കീർണമായ റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ ബൾബ് പുറത്തെടുക്കുകയായിരുന്നു.
കൂർത്ത അഗ്രങ്ങളുള്ള എൽഇഡി ബൾബ് ശ്വാസകോശത്തിൽ മുറിവുകൾ ഏൽപ്പിക്കാതെയും രക്തസ്രാവം ഉണ്ടാക്കാതെയും സുരക്ഷിതമായി പുറത്തെടുക്കുക എന്നത് വെല്ലുവിളിയായിരുന്നുവെന്നു ഡോ. അഹമ്മദ് കബീർ പറഞ്ഞു. രണ്ടു മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണു ബൾബ് പുറത്തെടുക്കാനായത്.
അടിയന്തര സാഹചര്യം ഉണ്ടായാൽ ശസ്ത്രക്രിയയ് ക്കായി ഡോ. ശിവ് കെ. നായരുടെ നേതൃത്വത്തിലുള്ള തൊറാസിക് സർജറി വിഭാഗവും സജ്ജമായിരുന്നു. പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. റെജു ജോസഫ് തോമസ്, അനസ്തേഷ്യ വിഭാഗം ഡോ. സച്ചിൻ ജോർജ്, ഡോ. ഐറിൻ എന്നിവരും ചികിത്സയിൽ പങ്കാളികളായി.