ഡൊമനിക് ജോസഫ്
മാന്നാർ: കാലം മാറുന്നതനുസരിച്ച് നക്ഷത്ര വിപണിയിലും വൻ മാറ്റങ്ങളാണ് ഒരോ വർഷവും ഉണ്ടാകുന്നത്. മുളയിലും ഈറയിലും വർണ പേപ്പർ ഒട്ടിച്ച് നക്ഷത്രങ്ങൾ നിർമിച്ച് ഭവനങ്ങളിൽ തൂക്കിയിരുന്ന ഒരു പഴയ കാലം മാറി. പിന്നീട് കട്ടിയുള്ള പേപ്പറിൽ പല വർണത്തിലും വലിപ്പത്തിലും നിർമിച്ച നക്ഷത്രങ്ങൾ വിപണി കീഴടിക്കി. കാലങ്ങളായി വിപണി അടക്കി വാണിരുന്നത് വിവിധ വർണങ്ങളിലും വലിപ്പത്തിലുമുള്ള പേപ്പർ നക്ഷത്രങ്ങളായിരുന്നു.
എന്നാൽ ഇപ്പോൾ പേപ്പർ നക്ഷത്രങ്ങൾക്കും ആവശ്യക്കാർ കുറയുകയാണ്. ചൈനീസ് നിർമിതമായ എൽഇഡി നക്ഷത്രങ്ങൾക്കാണ് ഇപ്പോൾ പ്രിയം. എൽഇഡി നക്ഷത്രങ്ങൾ വിപണിയിൽ എത്തി തുടങ്ങിയത് അഞ്ച് വർഷം മുന്പ് മുതലാണ്. തുടക്കത്തിൽ ആവശ്യക്കാർ കുറവായിരുന്നുവെങ്കിലും ഒരോ വർഷവും ആവശ്യക്കാർ ഏറി വന്നു.
കഴിഞ്ഞ വർഷം മുതൽ പേപ്പർ നക്ഷത്രങ്ങൾ ഏതാണ്ട് പിന്തളളപ്പെടുകയും ചെയ്തു. ഈ ക്രിസ്മസ് സീസണ് എത്തിയതോടെ പൂർണമായും എൽഇഡി നക്ഷത്രങ്ങൾക്ക് ആവശ്യക്കാർ മുന്പെങ്ങുമില്ലാത്ത വിധത്തിൽ വർധിച്ചു. പേപ്പർ നക്ഷത്രങ്ങളെ അപേക്ഷിച്ച് വർണം വിതറി കൂടുതൽ ശോഭിച്ച് നിൽക്കുമെന്നതിനാലാണ് ഇത്തരം നക്ഷത്രങ്ങൾക്ക് ആവശ്യക്കാർ ഏറിയത്. താരതമ്യം ചെയ്യുന്പോൾ വിലയും ഏകദേശം ഒരു പോലെ.
പേപ്പർ നക്ഷത്രങ്ങൾക്ക് ഇത്തവണ 20 ശതമാനം മാത്രമാണ് ആവശ്യക്കാർ ഉണ്ടായിരുന്നതെന്ന് കച്ചവടക്കാർ പറയുന്നു. മുൻകാലങ്ങളിൽ പേപ്പർ നിർമിത നക്ഷത്രങ്ങൾ ഏറ്റവും പുതിയ സിനിമകളുടെ പേരുകൾ നൽകി വിറ്റഴിച്ചിരുന്നു. എന്നാൽ ഇത്തവണ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ മാമാങ്കം സിനിമയുടെയും മോഹൻലാലിന്റെ ഒടിയന്റെയും മറ്റ് തമിഴ് ഹിറ്റ് സിനിമകളുടെയും പേരിട്ട് വിപണിയിൽ വിറ്റഴിയുന്നത് ചൈനീസ് നിർമിതമായ എൽഇഡി നക്ഷത്രങ്ങളാണ്.
കൂടാതെ പല നീളത്തിലും വലിപ്പത്തിലും വർണത്തിലുമുള്ള അലങ്കാര ബൾബുകൾ, പുൽക്കൂട് സെറ്റുകൾ, ക്രിസ്മസ് പാപ്പമാർക്കുള്ള കുപ്പായവും മുഖം മൂടിയും, പല വലിപ്പത്തിലുള്ള ക്രിസ്മസ് ട്രീകൾ, ട്രീകൾ അലങ്കരിക്കുന്ന വിവിധ സാധനങ്ങൾ, ബലൂണുകൾ, ക്രിസ്മസ് ഗിഫ്റ്റ് തുടങ്ങി നിരവധി ചൈനീസ് ഉത്പന്നങ്ങൾ മുൻകാലങ്ങളേക്കാൾ കൂടുതലായി മാറ്റങ്ങൾ വരുത്തി വിപണിയിൽ എത്തിച്ചിട്ടുണ്ട്. അതേസമയം വ്യാപാരമേഖലയിൽ അടുത്ത നാളിൽ ഉണ്ടായിട്ടുള്ള മാന്ദ്യം ക്രിസ്മസ് വിപണിയേയും ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.