പയ്യന്നൂര്‍: ഒരു വിദ്യാർഥി വളണ്ടിയര്‍ ആകുന്നത് മറ്റ് വിദ്യാർഥികളില്‍ നിന്ന് വ്യത്യസ്തമായി അവന് സമൂഹത്തില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുമ്പോഴാണെന്ന് ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി. കണ്ടങ്കാളിയിലെ കുഞ്ഞികൈപ്രത്ത് വീട്ടില്‍ വിമല, ലീല എന്നിവര്‍ക്കായി ഷേണായ് സ്മാരക ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ എന്‍എസ്എസ് യൂനിറ്റ് നിർമിച്ച് നല്കിയ സ്നേഹവീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ ഇടപെടല്‍ ഉദാത്തമാകുന്നത് സ്നേഹവീട് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ്. സ്വന്തമായി വീട് എന്നത് ഏതൊരു മനുഷ്യന്റേയും സ്വപ്നമാണ്. അത് വിദ്യാർഥികളുടെ കൂട്ടായ്മയിലൂടെ സാധ്യമായത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.ശാരീരിക മാനസിക അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന വിമലയും ലീലയും വാസയോഗ്യമല്ലാത്ത വീട്ടിലായിരുന്നു താമസം.
സ്കൂളിലെ വളണ്ടിയര്‍മാര്‍ പ്രദേശത്തെ വീടുകളില്‍ നിന്ന് സ്വരൂപിച്ച രണ്ട് ലക്ഷം രൂപ കൊണ്ടാണ് പ്രാഥമീക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് നാട്ടുകാരുടേയും സാംസ്കാരിക സ്ഥാപനങ്ങളുടേയും യോഗത്തില്‍ വച്ച് പയ്യന്നൂര്‍ നഗരസഭ ചെയര്മാന് ശശിവട്ടക്കൊവ്വലിന്റെ നേതൃത്വത്തില്‍ എം. ആനന്ദന് ചെയര്‍മാനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.വി. ബിജു കണ്‍വീനറുമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
നിർമാണ രംഗത്തെ തൊഴിലാളികളുടെ സഹായത്തോടെയാണ് 180 ദിവസങ്ങള്‍കൊണ്ട് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
താക്കോല്‍ ദാന ചടങ്ങില്‍ നഗരസഭ ചെയര്മാന് ശശിവട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ വി.വി. ബിജു, വി. ബാലന്, പി.കെ. പ്രസീത, സീമ സുരേഷ്, സി. നളിനി, പിടിഎ പ്രസിഡന്റ് ഒ. നാരായണന്, എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ സരീഷ് പയ്യമ്പള്ളി, ശ്രീധരന് കൈതപ്രം, കെ.വി. മോഹനന്, ടി.പി. അശോകന്, വളണ്ടിയര്‍ ലീഡര്‍മാരായ പി. ആതിഥ്യന്, കെ. മാളവിക, എം. ആനന്ദന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി. സക്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.