വീട് വാങ്ങുന്പോൾ നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കേണം. വെള്ളവും നല്ല അയൽക്കാരും റോഡും വെളിച്ചവും അങ്ങനെ പോകുന്നു അവയുടെ ലിസ്റ്റുകൾ. കൈയിലുള്ള പണമെല്ലാം കൊടുത്ത് വീട് വാങ്ങി അവിടെ താമസിക്കുന്പോൾ ഏതെങ്കിലും ഒരു മുറിക്ക് അവകാശവുമായി ഉടമസ്ഥൻ എത്തിയാൽ എന്താകും അവസ്ഥ. അത്തരത്തിലൊരു സംഭവം ആണിപ്പോൾ വാർത്തയാകുന്നത്. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് സംഭവം.
2018 -ൽ ലീ എന്ന മനുഷ്യൻ രണ്ട് മില്യണ്‍ യുവാന്‍ (ഏതാണ്ട് 2.24 കോടി രൂപ) കൊടുത്ത് ഴാങ് എന്ന സ്ത്രീയില്‍ നിന്നും വീട് സ്വന്തമാക്കി. ലീയും കുടുംബവും വളരെ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ആ വീട്ടിൽ കഴിഞ്ഞു വന്നത്.
കഴിഞ്ഞ വര്‍ഷം വീട് ഒന്ന് മിനുക്കാന്‍ ലീ തിരുമാനിച്ചു. വീട് വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടയിൽ സ്റ്റെയർകേസിന് താഴെയായി ഒരു രഹസ്യവാതില്‍ പോലെ ഒരെണ്ണം ലീ യുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ആ മുറി സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അത് താഴെയുള്ള ഒരു നിലവറയിലേക്കുള്ള വാതിലാണെന്ന് മനസിലായി. തുടർന്ന് അവിടെ പരിശോധിക്കാന്‍ തന്നെ ലീ തീരുമാനിച്ചു.
ആ മുറി തുറന്നു നോക്കിയപ്പോൾ അക്ഷരാർഥത്തിൽ ലീ ഞെട്ടിപ്പോയി. അതിവിശാലമായിരുന്നു ആ മുറി. പ്രത്യേകം വെന്റിലേഷനുകൾ എല്ലാമുള്ള അത്യാധുനീക സൌകര്യങ്ങളോടെ സജ്ജീകരിച്ചതായിരുന്നു അത്.
ഒന്നു രണ്ട് പേര്‍ക്ക് ആ മുറിയിൽ സുഖമായി ജീവിക്കാനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഒപ്പം ചെറിയൊരു ബാറും അതിനുള്ളിൽ ഉണ്ടായിരുന്നു. മുറി പരിശോധനയ്ക്കിടെ അവിടെ ആരോ താമസിക്കുന്നുണ്ടെന്ന് ലീയ്ക്ക് സംശയം തോന്നി. പിന്നാലെ അത് ആ വീടിന്റെ മുന്‍ ഉടമസ്ഥനായ ഴാങ് ആണെന്നും ലീ അറിഞ്ഞു. ഇതിനെ കുറിച്ച് ലീ ഴാങ്ങിനോട് സംസാരിച്ചപ്പോൾ വീട് വില്പനയില് രഹസ്യമുറി ഉൾപ്പെടില്ലെന്നും തനിക്ക് ഫീ ടൈം ഉപയോഗിക്കാന്‍ മറ്റ് സ്ഥലങ്ങളില്ലെന്നുമുള്ള വിചിത്രമായ വാദങ്ങളായിരുന്നു അവർ ഉന്നയിച്ചത്.
അതോടെ ലീ കോടതിയെ സമീപിച്ചു. ലീയുടെ പരാതി പരിശോധിച്ച കോടതി ഴാങിനോട് നഷ്ടപരിഹാരം നല്‍കാനും രഹസ്യ അറയുടെ ഉടമസ്ഥാവകാശം ലീയ്ക്ക് കൈമാറാനും ഴാങിനോട് ആവശ്യപ്പെട്ടു.