ബെയ്ജിംഗ്/സിലിക്കൺവാലി: സാന്പത്തിക ഞെരുക്കത്തിൽ അകപ്പെട്ട ചൈനീസ് ടെക് ഭീമനായ ലീകോ അമേരിക്കയിലെ സിലിക്കൺവാലിയിലുള്ള സ്വത്ത് വിൽക്കുന്നു. സിലിക്കൺവാലിയിലെ 49 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഓഫീസാണ് ലീകോ വിൽക്കാൻ പദ്ധതിയിടുന്നത്. ഏതാനും മാസങ്ങൾക്കു മുന്പ് യാഹൂവിൽനിന്നു വാങ്ങിയതാണിത്. സാന്പത്തിക ഞെരുക്കം മറികടക്കാനുള്ള കമ്പനിയുടെ ഏറ്റവും പുതിയ ശ്രമമാണ് ഈ വില്പന.
ഒരു വീഡിയോ വെബ്സൈറ്റിൽനിന്ന് അതിവേഗം വളർന്നുവന്ന കമ്പനിയാണ് ലീകോ. ഇലക്ട്രോണിക് കാറുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു കമ്പനിയുടെ കുതിപ്പ്. എന്നാൽ, പ്രീമിയം ഇലക്ട്രിക് കാറുകളുമായി ടെസ്ല കടന്നുവന്നത് ലീകോയ്ക്കു തിരിച്ചടിയായി.
സ്ഥാപകനും സിഇഒയുമായ ജിയ യൂതിംഗ് നവംബറിൽത്തന്നെ സാന്പത്തിക പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പു നല്കിയിരുന്നു. ഇതേത്തുടർന്ന് പല രാജ്യങ്ങളിലും ഓഫീസ് അടച്ചുപൂട്ടി ജീവനക്കാരെ പിരിച്ചുവിടാൻ കന്പനി തീരുമാനിച്ചിരുന്നു. ചൈനയിലും അമേരിക്കയിലും മാത്രമായി കൂടുതൽ ശ്രദ്ധ ചെലുത്താനായിരുന്നു പദ്ധതി. എന്നാൽ, അമേരിക്കയിലെ സിലിക്കൺവാലിയിലുള്ള എക്കോ സിറ്റി എന്ന ഓഫീസ് വിൽക്കുമ്പോൾ അവിടുള്ള 12,000 ജീവനക്കാരുടെ കാര്യം പരുങ്ങലിലാകും. പിരിച്ചുവിടൽതന്നെ ഉണ്ടായേക്കാം.
എക്കോ സിറ്റിയെ ചൈനീസ് കമ്പനിയായ ജെൻസൺ ഗ്രൂപ്പിന് 1,704 കോടി രൂപയ്ക്ക് (26 കോടി ഡോളർ) വിൽക്കാനാണ് ലീകോയുടെ തീരുമാനം. ചൈനയിലെ ഷെൻസെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെൻസൺ 2003ലാണ് പ്രവർത്തനമാരംഭിച്ചത്. സിലിക്കൺവാലിയിൽ ഒരു കെട്ടിടം നിർമിക്കാനുള്ള ശ്രമത്തിനിടെയാണ് ലീകോയുമായി ഇടപാട്.
സാന്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകൾ പുറത്തുവന്നതു മുതൽ ലീകോയുടെ ഓഹരികൾ താഴേക്കാണ്. അഞ്ചു മാസത്തിനിടെ താഴ്ന്നത് 25 ശതമാനവും.