കോലഞ്ചേരി: നാടിനെ നടുക്കി കോലഞ്ചേരിക്കടുത്ത് തോന്നിക്കയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് കാരണം സ്വത്ത് വീതംവയ്ക്കുന്നത് സംബന്ധിച്ച തർക്കങ്ങളെന്ന് സൂചന. വേണാട്ട് വീട്ടിൽ ലീലയെയാണ് (64) ഭർത്താവ് ജോസഫ് (ജോയി-75) കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 5.30 ഓടെ യായിരുന്നു സംഭവം.
പ്രദേശത്ത് കനത്ത മഴയായിരുന്നതിനാൽ വീട്ടിൽ വഴക്കുണ്ടായതും അക്രമം നടത്തിയതും തൊട്ടടുത്തുള്ളവർ പോലും അറിഞ്ഞില്ല. കൊലപാതകം നടത്തിയ ശേഷം ജോയി പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പോലീസ് അറിയുന്നതിന് ശേഷമാണ് തൊട്ടടുത്തുള്ള അയൽവാസികൾ പോലും സംഭവം അറിയുന്നത്.
പ്രതിയായ ജോയി അരിവാൾ ഉപയോഗിച്ചാണ് ലീലയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. സ്വത്ത് വീതം വയ്ക്കുന്നതിനെപ്പറ്റിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രതിയുടെ മൊഴിയിൽ നിന്നുള്ള പ്രാഥമിക നിഗമനം. ഇവരുടെ മൂന്നു മക്കളും വിദേശത്താണ് ജോലി ചെയ്യുന്നത്.
ഇവർ തനിച്ചാണ് താമസിക്കുന്നത്. മകൻ എൽദോയുടെ അടുത്ത് നിന്ന് ദിവസങ്ങൾക്ക് മുമ്പാണ് ലീല നാട്ടിൽ മടങ്ങി എത്തിയത്. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് വിരലടയാള വിദഗ്ധർ ഇന്ന് സ്ഥലത്ത് എത്തി അന്വഷണം നടത്തും.
ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനല്‍കും. മക്കൾ: സ്മിത (കുവൈറ്റ്), സരിത (കുവൈറ്റ്) , എൽദോസ് (ഓസ്ട്രേലിയ). മരുമക്കൾ: മനോജ് തോമസ്, മനോജ് നൈനാൻ, അനു.