പേരൂർക്കട: കഴിഞ്ഞ ദിവസം ഭർത്താവിന്റെ മർദനമേറ്റു മരിച്ച റിട്ട.എസ്ഐ ലീല കഴിഞ്ഞ ഒരു വർഷം നയിച്ചത് ഏകാന്ത ജീവിതം. വട്ടിയൂർക്കാവ് തൊഴുവൻകോട് സ്വദേശി കെ. ലീല (68) ആണ് ഇന്നലെ ഭർത്താവ് പൊന്നന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായി ആശുപത്രിയിൽ മരിച്ചത്.
സംഭവത്തിനുശേഷം പൊന്നൻ തൂങ്ങിമരിച്ചു. തൊഴുവൻകോട് ഇടപ്പറമ്പ് ഭാഗത്ത് 2 വീടുകൾ ആണ് ഇവർക്കുള്ളത്. ഒരു വർഷത്തിനു മുമ്പാണ് പുതിയ ഇരുനില വീട് ലീലയുടെ ഭർത്താവ് പൊന്നൻ പണി കഴിപ്പിച്ചത്.
പഴയ വീട്ടിൽ കഴിഞ്ഞ 29 വർഷമായി ദമ്പതികളും രണ്ടു മക്കളുമായി താമസിച്ചുവരികയായിരുന്നു. ആദ്യം മുതൽക്കേ സ്വരച്ചേർച്ചയില്ലാത്ത ദാമ്പത്യം കഴിഞ്ഞ ഒരു വർഷത്തിനിടെ രൂക്ഷമാകുകയായിരുന്നു.
പുതിയ വീടിന്റെ മുകൾനിലയിൽ മക്കളും താഴത്തെ നിലയിൽ പൊന്നനും താമസം ആരംഭിച്ചപ്പോൾ പഴയവീട്ടിൽ ഏകാന്ത ജീവിതമാണ് ലീല നയിച്ചത്.
ഈ വർഷം മേയ് മാസത്തിൽ ഉണ്ടായ കനത്ത മഴയിൽ ലീല താമസിക്കുന്ന പഴയ വീട്ടിൽ മുട്ടോളം അളവിൽ വെള്ളം പൊങ്ങുകയുണ്ടായി. ഗൃഹോപകരണങ്ങളും മറ്റും പൂർണമായി വെള്ളം കയറി നശിക്കുകയും ചെയ്തു. വെള്ളം പൊങ്ങിയ വീട്ടിൽ വിഷാദപൂർവം സോഫയിൽ ഇരിക്കുന്ന ലീലയുടെ ചിത്രം മാധ്യമങ്ങളിൽ വന്നത് ഇന്നും പരിസരവാസികൾ മറന്നിട്ടില്ല.
പെൺമക്കളുമായുള്ള ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഇവർ പുതിയവീട്ടിൽ അവരെ കാണാൻ എത്തിയ വേളയിലാണ് പൊന്നനുമായി വഴക്കുണ്ടാക്കുന്നതും ആക്രമണത്തിന് ഇരയായി പരിക്കേറ്റ് ആശുപത്രിയിൽ മരിക്കുന്നതും. 30 വർഷത്തിനുമുമ്പ് തിരുവനന്തപുരം നന്ദാവനത്തെ ഒരു പോലീസ് ഓഫീസിൽ വച്ച് കണ്ടുള്ള പരിചയമാണ് ദമ്പതികളുടെ വിവാഹത്തിൽ കലാശിച്ചത്.