കൊച്ചി: അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തക ലീല മേനോന്റെ സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് രവിപുരം ശ്മശാനത്തിൽ നടക്കും. രാവിലെ 10 മുതൽ എറണാകുളം ടൗണ്‍ഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗത്തെ നിരവധി പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു. ഇന്നലെ രാത്രി വെണ്ണലയിലെ സിഗ്നേച്ചർ ഓൾഡ് ഏജ് ഹോമിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു.
1978 ൽ ഇന്ത്യൻ എക്സ്പ്രസിൽ സബ് എഡിറ്ററായി ഡൽഹിയിൽ മാധ്യമപ്രവർത്തനം ആരംഭിച്ചു. പിന്നീട് കൊച്ചിയിലും, കോട്ടയം ബ്യൂറോ ചീഫായും ജോലി ചെയ്തു. 2000ൽ ജോലി രാജിവച്ചു. തുടർന്ന് ഹിന്ദു, ഒൗട്ട് ലുക്ക്, വനിത, മാധ്യമം, മലയാളം തുടങ്ങിയ ഇംഗ്ലീഷ്, മലയാളം പ്രസിദ്ധീകരണങ്ങളിൽ കോളമിസ്റ്റായി. അതിനു ശേഷം കേരളാ മിഡ് ഡേ ടൈംസിൽ. പിന്നീടാണ് ജന്മഭൂമി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായത്്. അന്തരിച്ച മുണ്ടിയാത്ത് വീട്ടിൽ മേജർ ഭാസ്ക്കരമേനോനാണ് ഭർത്താവ്.
നിലപാടിലെ നീതിയും ജീവിതത്തിലെ സത്യസന്ധതയും കൊണ്ട് ഇന്ത്യയിലെ മുൻനിര പത്രപ്രവർത്തകരിൽ പ്രമുഖയായിരുന്നു ലീലാ മേനോൻ. കാൻസർ രോഗത്തെ ഇഛാശക്തിയിൽ പൊരുതി തോൽപ്പിച്ച് ജീവിതത്തിൽ മുന്നേറിയ ലീലാ മേനോൻ പത്രപ്രവർത്തകർക്കു മാത്രമല്ല പൊതുസമൂഹത്തിനും മാതൃകയാണ്. മാധ്യമ പ്രവർത്തനം നടത്താൻ സ്ത്രീകൾ മടിച്ചിരുന്ന കാലത്ത് ധൈര്യസമേതം കടന്നുവന്ന് എക്സ്ക്ലൂസീവ് റിപ്പോർട്ടുകളിലൂടെ ശ്രദ്ധ നേടി ലോകമറിയുന്ന മാധ്യമപ്രവർത്തകയായി.
എറണാകുളം ജില്ലയിലെ പെരുന്പാവൂരിനു സമീപം വെങ്ങോലയിൽ തുമ്മാരുകുടി ജാനകിയമ്മയുടേയും പാലക്കോട്ട് നീലകണ്ഠൻ കർത്താവിന്റെയും ഇളയ മകളായി 1932 നവംബർ 10 നാണ് ജനനം. വെങ്ങോല പ്രൈമറി സ്കൂൾ, പെരുന്പാവൂർ ബോയ്സ് സ്കൂൾ, നൈസാം കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1949ൽ പോസ്റ്റോഫീസിൽ ക്ലാർക്കായി. ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫിസ്റ്റായി 1978വരെ അവിടെ ജോലി ചെയ്തു. തുടർന്നാണ് പത്രപ്രവർത്തനത്തിലേക്ക് കടന്നത്. ജേർണലിസത്തിൽ ഗോൾഡ് മെഡലിസ്റ്റായിരുന്നു.
നിരവധി പുരസ്കാരങ്ങളുടെ ഉടമയായ ലീലാ മേനോൻ ദേശീയ അന്തർദ്ദേശീയ നിലവാരമുള്ള അനേകം എസ്ക്ലൂസീവ് സ്റ്റോറികൾ എഴുതി. സുപ്രീംകോടതിയുടെ വിധിന്യായങ്ങളിൽ ലീലാ മേനോന്റെ റിപ്പോർട്ടുകൾ പരാമർശിച്ചിട്ടുണ്ട്. സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ച വൈപ്പിൻ വിഷമദ്യ ദുരന്തം, സൂര്യനെല്ലിക്കേസ്, തോപ്പുംപടി പെണ്‍വാണിഭം തുടങ്ങി കേരളത്തെ നടുക്കിയ വാർത്തകൾ ജനങ്ങളിലേക്കെത്തിച്ചത് ലീലാ മേനോനായിരുന്നു.