ചവറ: നിരവധി വിവാഹങ്ങള്‍ കഴിച്ച് ഭര്‍ത്താക്കന്മാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കോട്ടയം സ്വദേശിനിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് ചവറ സി ഐ പറഞ്ഞു. കോട്ടയം കഞ്ഞിക്കുഴി ദേവലോകം സ്വദേശിനി ആലീസ് ജോര്‍ജ് എന്ന വിളിപ്പേരുള്ള ലീലാമ്മ ജോര്‍ജ് (44) ആണ് കഴിഞ്ഞ ദിവസം ചവറ പോലീസിന്റെ പിടിയിലായത്. ഇവര്‍ക്കെതിരെ ശനിഴായ്ച്ചയും നിരവധി പരാതികള്‍ വന്നിട്ടുണ്ട്. നാല് വിവാഹം നിയമപരമായി കഴിക്കുകയും മറ്റ് ചില പുരുഷന്മാരെ വശീകരിച്ച് വലയില്‍ വീഴ്ത്തി പണം തട്ടിയെടുത്ത് വരുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
ഇവര്‍ക്ക് പണം തട്ടാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിയ കൊട്ടാരക്കര കുളക്കട സ്വദേശിയായ ഒരു രാഷ്ട്രീയ നേതാവിനെതിരെയും അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഭര്‍ത്താവ് മരണപ്പെട്ടുവെന്ന് കാണിച്ചു കൊണ്ടുള്ള ഇടവക വികാരിയുടെ വ്യാജ കത്ത് തയാറാക്കി പറഞ്ഞ് വിശ്വസിപ്പിച്ചാണ് പലരില്‍ നിന്നും ഇവര്‍ പണം തട്ടിയെടുത്തത്. ഭാര്യ മരിച്ചു പോയവരേയും ഭാര്യയുമായി പിണങ്ങി കഴിയുന്ന ആളുകളേയും ബന്ധപ്പെട്ടാണ് യുവതി തട്ടിപ്പിന് കളമൊരുക്കിയത്. ഇവര്‍ക്കെതിരെ പരാതി നല്‍കുന്ന ഭര്‍ത്താക്കന്മാരേയും സുഹൃത്തുക്കളേയും പീഡന കേസ് നല്‍കിയും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് പോലീസ് പറഞ്ഞു.