ഗുരുവായൂർ: ചില സാഹിത്യകാരന്മാരെ ആകാശത്തോളം വാഴ്ത്തുകയും ചിലരെ അവഗണിക്കുകയും ചെയ്യുന്ന രീതി മലയാള സാഹിത്യത്തിൽ നിലനിൽക്കുന്നുണ്ടെന്ന് ഡോ.എം.ലീലാവതി ഗുരുവായൂരിൽ അഭിപ്രായപെട്ടു. പുതൂർ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഉണ്ണികൃഷ്ണൻ പുതൂർ അനുസ്മരണവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.ലീലാവതി.
പുതൂരും സി.രാധാകൃഷ്ണനും അവഗണന നേടിയ സാഹിത്യകാരന്മാരുടെ കൂട്ടത്തിലാണ്. പുതൂരിന്റെ ധർമചക്രത്തിന് അവഗണനയാണ് ലഭിച്ചത്. സി.രാധാകൃഷ്ണന്റെ നോവലുകൾ അനുവാചക ലോകത്ത് ശ്രദ്ധ കിട്ടിയിട്ടില്ല എന്നതും ദുഖകരമാണ്.
സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പുതൂർ സ്മാരക പുരസ്കാരം ഏറ്റുവാങ്ങി.നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് വാര്യർ അധ്യക്ഷത വഹിച്ചു.ബാലചന്ദ്രൻ വടക്കേടത്ത് അനുസ്മരണ പ്രാഷണം നടത്തി.ഡോ.സി.നാരായണപിള്ള,ഷാജു പുതൂർ,ജനു ഗുരുവായൂർ,ബാലൻ വാറണാട് എന്നിവർ പ്രസംഗിച്ചു.രാവിലെ ഗുരുവായൂർ പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം എം.രതി ഉദ്ഘാടനം ചെയ്തു.പി.വി.മുഹമ്മദ്യാസിൻ അധ്യക്ഷത വഹിച്ചു.