തൃശൂർ: സ്ത്രീകൾക്ക് സംവരണം അനുവദിക്കാൻ രാഷ്ട്രീയപാർട്ടികൾ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം. ലീലാവതി. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ അ ക്കാദമിയും സ്ത്രീശബ്ഗം മാസി കയും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീസമൂഹം-സാഹിത്യം ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വനിതാ സംവരണ ബിൽ പാസാകുന്നതു കാത്തിരിക്കാതെ സ്ത്രീകളെ അംഗീകരിക്കണം. അതിനു ബിൽ അല്ല വിൽ (ഇച്ഛാശക്തി) ആണ് ആവശ്യം. 33 ശതമാനം സംവരണത്തിൽ അർഥമില്ല. 50 ശതമാനം സ്ത്രീസംവരണം വേണം. സ്ത്രീയെ അംഗീകരിക്കാൻ രാഷ്ട്രീയക്കാർ തയാറല്ല. വോട്ടുചെയ്യാൻ മാത്രമാണ് അവർക്ക് സത്രീകളെ ആവശ്യമുള്ളത്.
പുരോഗമനാശയങ്ങൾ പറയുന്ന സിപിഎം എന്തുകൊണ്ട് അവരുടെ പൊളിറ്റ്ബ്യൂറോ അംഗമായി സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നില്ല. കെ.ആർ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതെ തള്ളിപ്പറയുകയാണ് സിപിഎം ചെയ്തത്. സുശീല ഗോപാലനേയും ഉചിതമായി പരിഗണിച്ചില്ല. വളരേണ്ടവളാണെന്ന ബോധം സ്ത്രീകൾക്കും ഉണ്ടാകണമെന്നും ലീലാവതി ടീച്ചർ പറഞ്ഞു.
സിപിഎമ്മിന്റെ വനിതാ നേതാക്കൾ കൈയടക്കിയ വേദിയിലാണ് സിപിഎമ്മിനെ വിമർശിച്ചുകൊണ്ട് ലീലാവതി പ്രസംഗിച്ചത്. പി. സതീദേവി അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഖദീജ മുംതാസ് മുഖ്യപ്രഭാഷണം നടത്തി.
സ്ത്രീശബ്ദം ഇരുനൂറാം പതിപ്പിന്റെ പ്രകാശനം സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി മോഹനൻ നിർവഹിച്ചു.
ഡോ.ടി.എൻ സീമ, പ്രഫ.ആർ ബിന്ദു, കെ.പി സുധീര, പ്രഫ. ലളിതാ ലെനിൻ, വിജയരാജമല്ലിക, ടി. ദേവി, ടി.കെ ആനന്ദി തുടങ്ങിയവർ സംസാരിച്ചു.