സൂര്യനാരായണൻ
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ് കേസിനു പിന്നിൽ കുഴൽപണമിടപാടും പോലീസ് അന്വേഷിക്കുന്നു. സിനിമ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിൽ എത്തി രണ്ടംഗസംഘം വെടിവയ്ക്കാൻ ധൈര്യം കാണിക്കണമെങ്കിൽ അതിനു പിന്നിൽ ആസൂത്രീത നീക്കമാണെന്നു പോലീസ് വിലയിരുത്തുന്നു.
നടിയും നടിയുടെ പങ്കാളിയും ചേർന്നു നടത്തിയ തട്ടിപ്പും കുഴൽപ്പണമിടപാടുകളും അന്വേഷിക്കേണ്ട സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങുകയാണ്. നടിയുടെ പങ്കാളി സുകേഷ് കൊച്ചിയിൽ എത്തിയിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ഇവിടെ എത്തിയിരുന്നതായും റിസോർട്ടുകളിൽ താമസിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഈ സമയങ്ങളിൽ ഇയാളൊടൊപ്പം ചേർന്നു ഇവർ സ്വത്തുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കൊച്ചി കുഴൽപ്പണമിടപാടുകളുടെ കേന്ദ്രമാണ്. അതിൽ സഹായികളായി ലോക്കൽ ക്രിമിനലുകളുമുണ്ട്.
വെടിവയ്പ്പിനും പിന്നിൽ കുഴൽപണ ഇടപാടാണെന്ന സംശയം ബലപ്പെടുന്നുണ്ട്. കൊച്ചിയിലെത്തിയ വൻതുകയുടെ കുഴൽപ്പണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണോ വെടിവയ്പ്പിനു പിന്നിലെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
ബ്യൂട്ടി പാർലറിനെതിരേ വെടിവച്ചിട്ടു ഒരാഴ്ച പിന്നിടുകയാണ്. ഇപ്പോഴും യഥാർഥ പ്രതികളെ പിടിക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല. പോലീസ് വിവിധ മേഖലകളെ കുറിച്ചു പരിശോധിക്കുന്നതു കൊണ്ടു കാലതാമസം സംഭവിക്കുന്നുണ്ട്. ഇതൊരു നിസാര കേസായി പോലീസ് കാണുന്നില്ല.
ലീന മരിയ പോളിനു ഭീഷണിയുണ്ടെന്ന കാര്യത്തിൽ പോലീസിനു സംശയമില്ല. ഇവരുടെ വെളിപ്പെടുത്തൽ നിസാരവൽക്കരിക്കാനും പോലീസ് തയാറാകുന്നില്ല. എന്നാൽ, ലോക്കൽ ക്രിമിനലുകളുടെ സഹായത്തോടെ രവി പുജാരിയുടെ നീക്കമാണോ അതോ ലോക്കൽ ക്രിമിനൽ തന്നെയാണോ അതുമല്ല മറ്റാരെങ്കിലും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തിനു സഹായവുമായി ക്രിമിനൽ സംഘമുണ്ടായിരുന്നുവെന്നതിനു പോലീസിനു സംശയമില്ല. ഈ ക്രിമിനൽഗുണ്ടകളെ നിയോഗിച്ചതു രവി പൂജാരി തന്നെയാണെന്ന സംശയത്തിലും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. രവി പൂജാരിയെ അറിയാവുന്നവരും ഇതിനു പിന്നിലുണ്ടെന്നും സംശയമുണ്ട്. അല്ലെങ്കിൽ ലീന മരിയ പോളിനോടു ചേർന്നു ബിസിനസ് ചെയ്തവരോ അല്ലെങ്കിൽ ഈ സംഭവങ്ങൾ അറിയാവുന്നവരോ ക്രിമിനൽസംഘങ്ങൾക്കു ക്വട്ടേഷൻ നൽകി പ്രവർത്തിക്കുന്നുണ്ടെന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല.
രവി പൂജാരി പോലുള്ള അധോലോകസംഘത്തലവന്റെ പേരിൽ വന്ന ഫോണ് കോളുകളിലെ ശബ്ദരേഖയും പോലീസ് പരിശോധിക്കുകയാണ്. ശബ്ദരേഖയിൽ അന്പതു വയസുള്ള ഒരു മനുഷ്യന്റെ സ്വരമാണുള്ളത്. ഡൽഹിയിൽ അറസ്റ്റിലായ സുകേഷുമായിട്ടുള്ള ബന്ധം ഭീഷണിക്കു പിന്നിലുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സുകേഷിന്റെ സ്വത്തുകൾ നടിയുടെ കൈയിലുണ്ടെന്ന സംശയത്തിൽ പണംതട്ടാനുള്ള നീക്കവും പരിശോധിക്കുന്നു. വിവാഹിതരല്ലെങ്കിലും തന്റെ കൂട്ടാളി സുകേഷ്, ഭർത്താവിനെ പോലെയാണെന്ന് ലീന പോലീസിനോടു പറഞ്ഞതായിട്ടാണ് അറിയുന്നത്.
ഏതായാലും നടി ലീനമരിയ പോൾ പറയുന്നതെല്ലാം പോലീസ് വിശ്വസിച്ചിട്ടില്ല. അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് അധികം താമസിക്കാതെ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്. മൊബൈൽ അപ് ഉപയോഗിച്ചു വ്യാജ വിദേശ നന്പരുണ്ടാക്കി ഫോണ് വിളിക്കുന്നതാണോ എന്നു പോലീസ് പരിശോധിക്കുന്നുണ്ട്. നടിയുടെ വ്യത്യസ്ത മൊഴിയാണ് പോലീസിനെ വട്ടം കറക്കുന്നത്. ബംഗളൂരിൽ ബിഡിഎസിനു പഠിക്കുന്ന സമയത്താണ് സുകേഷുമായി നടി പരിചയപ്പെടുന്നത്. അങ്ങനെ ബിസിനസ് പങ്കാളിയായി മാറി.