കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ്പ് സംഭവം ഒത്തുതീർപ്പായെന്നു പ്രചരണം, സ്ഥിരീകരിക്കാതെ അന്വേഷണ സംഘം. ഒത്തുത്തീർപ്പ് സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നാളുകളായി ഇത്തരത്തിൽ പ്രചരണം നടക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും പോലീസ് പറയുന്നു. ബ്യൂട്ടിപാർലർ ഉടമയും നടിയുമായ ലീന മരിയ പോളിൽനിന്ന് പോലീസ് രണ്ടാമതും മൊഴിയെടുക്കാൻ ഒരുങ്ങുകയാണെങ്കിലും അവർ ഒഴിഞ്ഞുമാറുകയാണെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ മാസം 15ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണ് പനന്പള്ളിനഗറിലുള്ള നെയ്ൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടിപാർലറിൽ വെടിവയ്പുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ വെടിവച്ചശേഷം കടന്നുകളയുകയായിരുന്നു.
രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചശേഷമാണു പ്രതികൾ രക്ഷപ്പെട്ടത്. ഹെൽമറ്റും ജാക്കറ്റും ധരിച്ചാണു പ്രതികളെത്തിയിരുന്നത്.
രവി പൂജാരിയുമായുള്ള കോടികളുടെ പണമിടപാട് സംബന്ധിച്ച തർക്കമാണ് വെടിവയ്പ്പിന് പിന്നിലെന്നാണ് പോലീസ് സംശയം. പണം നൽകി ഒത്തുത്തീർപ്പിലേക്ക് നീങ്ങിയാലും കേസ് ഇല്ലാതാകില്ലെന്ന് പോലീസ് പറയുന്നു. പ്രാദേശിക ഗുണ്ടാസംഘത്തിലേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ പോലീസിനു സാധിച്ചിട്ടില്ല.
സംഭവുമായി ബന്ധപ്പെട്ട ചില ദുരൂഹത മാറ്റുന്നതിനും തുടർ അന്വേഷണങ്ങൾക്കുമായാണു നടിയെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്. മണിക്കൂറുകൾ നീണ്ടുനിന്ന ആദ്യ മൊഴിയെടുക്കലിൽ കൂടുതൽ പരിശോധന നടത്തിയ പോലീസിനു ചില കാര്യങ്ങളിൽ സംശയം ഉള്ളതായാണു വിവരം.
ഇതുൾപ്പെടെ കൂടുതൽ കാര്യങ്ങളിൽ വ്യക്തതവരുത്തുന്നതിനും സംഭവം ഒതുക്കിതീർക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന വിവരങ്ങളിലും കൂടുതൽ വ്യക്തത ലഭിക്കണമെങ്കിൽ നടിയിൽനിന്നും വീണ്ടും മൊഴിയെടുക്കണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. അതിനിടെ, കേസിൽ ഒത്തുത്തീർപ്പ് ഉണ്ടായിട്ടില്ലെന്ന് നടി സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. രവി പൂജാരിയിൽനിന്ന് ഇപ്പോഴും വധഭീഷണിയുണ്ടെന്നും നടി വ്യക്തമാക്കിയതായി സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു.