പാലക്കാട്ട് യുവതിയെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കിയ കേസിൽ പ്രതിയായ ചിറ്റാരിക്കാൽ സ്വദേശിയെ കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. ചിറ്റാരിക്കാൽ മണത്തൂരുത്തേലിൽ എം.എ.ഷാജൻ (44) നെയാണ് പാലക്കാട് ജില്ലാ കോടതി (മൂന്ന്) ശിക്ഷിച്ചത്. ഇതിനു പുറമെ തെളിവ് നശിപ്പിച്ചതിന് ഷാജൻ അഞ്ചുവർഷം കൂടി കഠിന തടവ് അനുഭവിക്കാനും 25,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. പത്തനംതിട്ട റാന്നി വെച്ചൂച്ചിറ എക്സ് സർവീസ് മെൻ കോളനിയിലെ മണലേൽ എലിസബത്ത്(ലീന-42) ആണ് കൊലചെയ്യപ്പെട്ടത്. പാലക്കാട് പുത്തൂരിലെ വാടകവീട്ടിൽ ഷാജൻ ലീനയോടൊപ്പം താമസിച്ചുവരികയായിരുന്നു.
മുന്പ് വിവാഹിതയായിരുന്ന ലീന പിന്നീട് ഷാജനുമായി അടുപ്പത്തിലായി. ലീനയെ ഷാജൻ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് ഭർത്താവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഷാജനും ലീനയും പാലക്കാട്ട് ഒന്നിച്ച് താമസം തുടങ്ങിയത്.
ഷാജന് മറ്റൊരു യുവതിയുമായി ബന്ധമുള്ള വിവരമറിഞ്ഞ ലീന ഇതേച്ചൊല്ലി വഴക്കുണ്ടാക്കിയിരുന്നു. ക്ഷുഭിതനായ ഷാജൻ ലീനയെ കൊലപ്പെടുത്തുകയും തലയൊഴികെയുള്ള ശരീരഭാഗങ്ങൾ കഷണങ്ങളാക്കി പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുകയും ചെയ്തു.
തല എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനടുത്തുള്ള മാലിന്യ കൂന്പാരത്തിലാണ് വലിച്ചെറിഞ്ഞത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ഡിഎൻഎ ടെസ്റ്റും കൊലയ്ക്കുപയോഗിച്ച കത്തിയും ഫോണ് കോളുകളും കൊലപാതകം തെളിയിക്കാൻ പോലീസിന് നിർണയക തെളിവുകളായി മാറി.