കോട്ടയം: പ്രളയം രണ്ടു വഴിക്കാക്കിയപ്പോൾ മാതാപിതാക്കളെ തെരയുകയാണ് ഒരു പെണ്കുട്ടി. കോട്ടയം കടുവാക്കുളം എമ്മാവൂസ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന ലീന വർഗീസ് എന്ന പതിനഞ്ചുകാരിയാണ് മാതാപിതാക്കളുമായി ബന്ധപ്പെടാനാകാതെ വിഷമിക്കുന്നത്. ആലപ്പാട് വർഗീസ് -ഷൈനി ദന്പതികളുടെ മകളാണ് ലീന.
പ്രളയം ഇരച്ചെത്തിയപ്പോൾ അയൽവാസികൾക്കൊപ്പം പോന്നതാണ് എടത്വ സ്വദേശിനിയായ ലീന വർഗീസ്. തുടർന്ന് കടുവാക്കുളത്തെ ക്യാന്പിലെത്തി. മാതാപിതാക്കൾ എടത്വ മേഖലയിലെ ഏതോ ക്യാന്പിലുണ്ടെന്നാണ് കരുതുന്നത്. ഇവരുടെ അടുത്ത ബന്ധുക്കളിൽ ചിലർ ലീനയുമായി ബന്ധപ്പെട്ടിരുന്നു.
ഒരു കുടുംബം പോലെ കഴിയുന്ന അയൽവാസികൾക്കൊപ്പമാണ് ലീന ഉള്ളതെന്നതിനാൽ ബന്ധുക്കളും ആശ്വാസത്തിലാണ്. വെള്ളം ഇറങ്ങിത്തുടങ്ങുന്നതോടെ മാതാപിതാക്കളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ലീന. പോലീസ് വിവരങ്ങൾ ആരാഞ്ഞിരുന്നു. മാതാപിതാക്കളെ കണ്ടെത്താൻ പോലീസും ശ്രമിച്ചുവരികയാണ്.
സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ലീന. മാതാപിതാക്കൾക്ക് ക്യാന്പുമായി ബന്ധപ്പെടാം: ഫാ.ആൻജോ: 9400598301.